ബെംഗളൂരുവിൽ നിന്നു വന്ന യുവാവ് ക്വാറന്റൈൻ സൗകര്യം അന്വേഷിച്ച് എത്തിയതിനെത്തുടർന്ന് കളക്ട്രേറ്റ് പരസരം അണുവിമുക്തമാക്കി
ആലപ്പുഴ: ബെംഗളൂരുവിൽ നിന്നു വന്ന യുവാവ് ക്വാറന്റൈൻ സൗകര്യം അന്വേഷിച്ച് എത്തിയതിനെത്തുടർന്ന് കളക്ട്രേറ്റ് പരസരം അണുവിമുക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് ഹരിപ്പാട് സ്വദേശിയായ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ടാക്സി മാർഗം നഗരത്തിലെത്തിയത്.
കളക്ട്രേറ്റിന് സമീപത്തെ പെയ്ഡ് ക്വാറന്റീൻ സെന്ററിൽ മുറി ഒഴിവുണ്ടെന്ന് അറിഞ്ഞെത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ കൊവിഡ് സെന്ററിൽ വിളിച്ചതോടെ ശുചീകരണം നടത്തിയിട്ടില്ലാത്തതിനാൽ മുറി ഒഴിവില്ലെന്നായിരുന്നു മറുപടി.
undefined
ഇതോടെയാണ് പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരന്റെ നിർദേശ പ്രകാരം സഹായം തേടി താൻ കളക്ട്രേറ്റിൽ പ്രവേശിച്ചതെന്ന് യുവാവ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് നേരിട്ട് വന്നതാണെന്നറിഞ്ഞതോടെ ജീവനക്കാർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു.
ഉടൻ തന്നെ യുവാവിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. ജീവനക്കാർ കളക്ട്രേറ്റ് പരിസരത്തുണ്ടായിരുന്നവരെ നീക്കം ചെയ്ത ശേഷം ഗേറ്റ് പൂട്ടി. അഗ്നിശമന സേന എത്തി അണുനശീകരണം നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.
കളക്ട്രേറ്റിൽ നിൽക്കുമ്പോൾ തന്നെ മുറി ശരിയായതായി കൊവിഡ് സെന്ററിൽ നിന്ന് വിളിയെത്തിയെന്നും, തന്നെ നിർബന്ധിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. പരിശോധനകൾക്കു ശേഷം ആശുപത്രിയിൽ നിന്ന് കൊവിഡ് സെന്ററിലേക്ക് സ്വന്തം ചെലവിൽ വാഹനം വിളിച്ചാണ് പോയത്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നാട്ടിൽ എത്തിയത്. വീട്ടിൽ സൗകര്യം ഇല്ലാത്തതുകൊണ്ടാണ് പെയ്ഡ് ക്വാറന്റിൻ തെരഞ്ഞെടുത്തതെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ചയും അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർ പ്രവേശിച്ചതിനെത്തുടർന്ന് കളക്ട്രേറ്റ് കവാടം ഒന്നര മണിക്കൂർ പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നു.