ഇടുക്കിയിലെ അവധിയും പ്രഖ്യാപിച്ചു; മൂന്നു ദിവസം മദ്യനിരോധനവും

By Web TeamFirst Published Dec 9, 2023, 1:09 PM IST
Highlights

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ അവധികള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി: ജില്ലയില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ജില്ലയില്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 07 (നെടിയക്കാട്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേ ദിവസവും അവധിയായിരിക്കും. ഈ വാര്‍ഡുകളില്‍ ഡിസംബര്‍ 10ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 വരെ മദ്യഷാപ്പുകളും ബീവറേജസ് മദ്യവില്‍പ്പനശാലകളും അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കാനും കളക്ടര്‍ ഉത്തരവിട്ടു.

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ അവധികള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Latest Videos

കൊല്ലം: തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 12ന് അവധി. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കടത്തൂര്‍ കിഴക്ക്, മയ്യത്തുംകര, വിലങ്ങറ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും അവധി ആയിരിക്കും.

തിരുവനന്തപുരം: അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 12ന് അവധി.  പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും, വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 13നും പ്രാദേശിക അവധി ആയിരിക്കും.

ആലപ്പുഴ: കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍ -32-ഫാക്ടറി വാര്‍ഡ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-01-തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ (തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെ വാര്‍ഡുകള്‍) എന്നിവയുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 12ന് അവധി. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ കായംകുളം നഗരസഭയിലെ എയ്ഞ്ചല്‍ ആര്‍ക്ക് സെന്‍ട്രല്‍ സ്‌കൂള്‍, കല്ലുംമൂട് കായംകുളം, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹിന്ദു യു.പി.എസ് ഇരമല്ലിക്കര, ഗവ.എച്ച്.എസ്.എസ് തിരുവന്‍വണ്ടൂര്‍, ഗവ.എല്‍.പി.എസ്് നന്നാട്, ഗവ.യുപി.എസ് മഴുക്കീര്‍, ഗവ.യു.പി.എസ് കുന്നുംപുറം എന്നിവയ്ക്ക് ഡിസംബര്‍ 11, 12 തീയതികളിലും അവധി പ്രഖ്യാപിച്ചു. 

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് വാര്‍ഡ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കല്‍ ഡിവിഷനുകള്‍ (കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,23 വാര്‍ഡുകളും പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16,17 വാര്‍ഡുകളും കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു മുതല്‍ 13വരെ വാര്‍ഡുകളും), വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അരീക്കര വാര്‍ഡ്, തലനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം വാര്‍ഡ് എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 12ന് അവധി. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ 
 

tags
click me!