ഫോട്ടോയിൽ ഒന്ന്, കിട്ടിയത് മറ്റൊന്ന്! ചുരിദാര്‍ മാറ്റി നല്‍കിയില്ല, ബ്രൈഡല്‍ സ്റ്റുഡിയോക്ക് 9,395 രൂപ പിഴ

By Web TeamFirst Published Oct 15, 2024, 6:51 PM IST
Highlights

വിറ്റ സാധനം തിരിച്ചെടുക്കാനാകില്ലെന്ന സ്ഥാപനത്തിന്‍റെ വാദം അംഗീകരിക്കാനാകില്ലെന്നും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 

കൊച്ചി: ഓണ്‍ലൈനിലൂടെ വിൽപന നടത്തിയ ചുരിദാര്‍  തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോചെയ്യാത്ത വ്യാപാരിക്ക് 9,395 രൂപ പിഴ ചുമത്തി  എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ആലപ്പുഴയിലെ സി 1 ഡിസൈന്‍സ് ബ്രൈഡല്‍ സ്റ്റുഡിയോ എന്ന ഓണ്‍ലൈന്‍ സ്ഥാപനം അധാര്‍മികമായ വ്യാപാര രീതിയാണ് സ്വീകരിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കാന്‍ എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.

എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി. ലിസ സമര്‍പ്പിച്ച പരാതിയിലാണ് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്.
അധ്യാപികയായ പരാതിക്കാരി 1,395 രൂപ ഓണ്‍ലൈനില്‍ നല്‍കി സ്റ്റിച്ച് ചെയ്ത ചുരിദാറിന് ഓര്‍ഡര്‍ നല്‍കി. ഓര്‍ഡര്‍ നല്‍കിയ ഉടനെ തന്നെ ഉല്‍പ്പന്നത്തിന്റെ കളര്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കളര്‍ മാറ്റം സാധ്യമല്ലെന്ന് സ്ഥാപനം അറിയിക്കുകയും തുടര്‍ന്ന്  ഓര്‍ഡര്‍ റദ്ദാക്കാന്‍ പരാതിക്കാരി ശ്രമിച്ചുവെങ്കിലും എതിര്‍കക്ഷി അതിന് സമ്മതിച്ചില്ല. നല്‍കിയ തുക മറ്റ് ഓര്‍ഡറുകള്‍ക്ക് ക്രെഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഉല്‍പ്പന്നം തപാലില്‍ അയച്ചു കഴിഞ്ഞു എന്നാണ് സ്ഥാപനം അറിയിച്ചത്. എന്നാല്‍ തപാല്‍ രേഖകള്‍ പ്രകാരം അത് തെറ്റാണെന്ന് ലിസ കോടതി മുമ്പാകെ ബോധിപ്പിച്ചു.

Latest Videos

തപാലില്‍ ലഭിച്ച ഉല്‍പ്പന്നം ലിസി നല്‍കിയ അളവിലല്ലെന്ന്  മനസ്സിലായതിനെ തുടര്‍ന്ന് അത് മടക്കി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും സ്ഥാപനം അത് സ്വീകരിക്കാതെ തിരിച്ചയച്ചു. തുക റീഫണ്ട് ചെയ്യാനും അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 1 ,395 രൂപ തിരിച്ചു നല്‍കണമെന്നും നഷ്ടപരിഹാരവും കോടതി ചെലവും എതിര്‍കക്ഷിയില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

'വിറ്റഉല്‍പ്പന്നം ഒരു കാരണവശാലും മാറ്റി നല്‍കുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ല 'എന്ന നിലപാട് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവ് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.  ഉത്തരവ് ലംഘിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അധാര്‍മികമായ വ്യാപാര രീതിയാണെന്ന്  ഡി ബി ബിനു അധ്യക്ഷനും അംഗങ്ങളായ വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിയില്‍ നിന്നും ഈടാക്കിയ 1,395 രൂപ തിരിച്ചു നല്‍കാനും 3,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം  പരാതിക്കാരിക്ക് നല്‍കണമെന്ന് എതിര്‍ കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ജസ്വിന്‍ പി വര്‍ഗീസ് കോടതിയില്‍ ഹാജരായി. 

click me!