നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ യുവാക്കൾ, ഫോട്ടോ പിടിവള്ളിയായി, വാഹനമോഷ്ടാക്കളിലെ പ്രധാനി പിടിയിൽ

By Web Team  |  First Published Oct 19, 2024, 9:02 AM IST

ഷോറൂമിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി മുങ്ങിയ മോഷ്ടാക്കളെ കുടുക്കാൻ സഹായിച്ചത് നമ്പർ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞ സമയത്തെ ചിത്രങ്ങൾ


തിരുവല്ല: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞു. പിന്നാലെ ഓടി രക്ഷപ്പെട്ട് യുവാക്കൾ. പൊലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് ഷോറൂമിൽ നിന്നുള്ള ബൈക്ക് മോഷണം. പിന്നാലെ സംഘത്തിലെ പ്രധാനിയെ ആലപ്പുഴയിൽ നിന്നും പിടികൂടി. ഇടുക്കിയിലെ നെടുങ്കണ്ടം, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച സംഘത്തിലെ പ്രധാനിയെ ആണ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. തിരുവല്ല ചാത്തൻകരി പുത്തൻപറമ്പിൽ ശ്യാമിനെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റു ചെയ്തത്. മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂലൈ മൂന്നിനാണ് നെടുങ്കണ്ടത്തെ ഷോറൂമിന് മുന്നിൽ നിന്ന് ശ്യാമിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബൈക്ക് മോഷ്ടിച്ചത്. ഷോറൂമിന് മുന്നിൽ നിന്നും തള്ളി റോഡിലിറക്കിയ വാഹനം ഉടുമ്പൻചോല ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. എന്നാൽ പാറത്തോട് എത്തിയപ്പോൾ പ്രതികൾ എത്തിയ വാഹനം കേടായി. ഇത് വഴിയിൽ ഉപേക്ഷിച്ച് മോഷ്ടിച്ച വാഹനവുമായി സംഘം കടന്നു കളഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇവർ ഉപേക്ഷിച്ച വാഹനം വെള്ളത്തൂവലിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. 

Latest Videos

undefined

ഈ രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നും നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഓടിച്ചു കൊണ്ടു വന്ന രണ്ടു പേരെ നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. അതേസമയം പ്രതികളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് നെടുങ്കണ്ടത്തുനിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. നാട്ടുകാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷത്തില്‍ പ്രതികളില്‍ ഒരാൾ ശ്യാം ആണെന്ന് വ്യക്തമായി. ഇയാള്‍ ആലപ്പുഴ പുന്നപ്രയിലായിരുന്നു താമസിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ ശ്യം ഒളിവില്‍ പോവുകയായിരുന്നു. പുന്നപ്ര പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇയാള്‍ വീട്ടില്‍ എത്തിതായി വിവരം ലഭിച്ചു. ഇതറിഞ്ഞ നെടുങ്കണ്ടം പൊലീസ് പുന്നപ്ര പൊലീസിൻറെ സഹായത്തോടെ ശ്യാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ മൂന്ന് പേരും ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കഞ്ചാവ്, വാഹന മോഷണം അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!