ബൈക്ക് അപകടം: മലപ്പുറത്ത് ഒരു ദിവസം പൊലിഞ്ഞത് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരുടെ ജീവൻ

By Web TeamFirst Published Oct 25, 2024, 7:28 AM IST
Highlights

മലപ്പുറം രാമപുരത്ത് ബസും ബൈക്കും കൂട്ടിയിടിച്ചും ദേശീയ പാതയിൽ ചേളാരിക്കടുത്ത് പടിക്കലിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചുമാണ് അപകടമുണ്ടായത്.

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടിടത്തുണ്ടായ ബൈക്ക് അപകടങ്ങളിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരുടെ ജീവൻ. മലപ്പുറം രാമപുരത്ത് ബസും ബൈക്കും കൂട്ടിയിടിച്ചും ദേശീയപാതയിൽ ചേളാരിക്കടുത്ത് പടിക്കലിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചുമാണ് അപകടമുണ്ടായത്.

രാമപുരത്തുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. വേങ്ങര കൂരിയാട് ചെമ്പൻ വീട്ടിൽ ഹംസയുടെ മകൻ ഹസ്സൻ ഫസൽ (19), പിതൃസഹോദര പുത്രൻ വേങ്ങര കൂരിയാട് ചെമ്പൻ സിദ്ദീഖിന്‍റെ മകൻ ഇസ്മയിൽ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും രാമപുരം ജെംസ് കോളജിലെ മൾട്ടി മീഡിയ വിഭാഗം ഒന്നാം വർഷ വിദ്യാർഥികളാണ്.

Latest Videos

രാമപുരം പനങ്ങാങ്ങര 38ൽ ഫാത്തിമ ക്ലിനിക്കിന് സമീപം ഇന്നലെ വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് എതിരെ വന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ രണ്ട് മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു.

പടിക്കലിൽ ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാങ്ങ് പടപ്പറമ്പ് സ്വദേശിയും കോട്ടക്കലിൽ താമസക്കാരനുമായ പതാരി ഫൈസലിന്‍റെ മകൻ റനീസ് (20), മുരിങ്ങാത്തോടൻ മുഹമ്മദ് കുട്ടിയുടെ മകൻ നിയാസ് (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ റനീസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചും നിയാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചുമാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ദേശീയപാതയിൽ പുതുതായി നിർമിച്ച നാലുവരിപ്പാതയിൽ നിന്ന് പടിക്കലിലെ സർവീസ് റോഡിന്‍റെ ഭാഗത്ത് നിർമിച്ച ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പടപ്പറമ്പ് ജുമാമസ്‌ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!