'ആ 72 ദിവസവും ഏറെ മാനസിക വേദനയനുഭവിച്ചു'; പുതിയ കടയ്ക്ക് അർജുന്റെ പേര് നൽകി കൊല്ലം സ്വദേശി ബദറുദ്ദീൻ

By Web TeamFirst Published Oct 1, 2024, 1:17 PM IST
Highlights

ആ 72 ദിവസങ്ങളിൽ ഏറ്റവും മാനസികമായി വേദനയനുഭവിച്ചിരുന്നുവെന്ന് ബദറുദ്ദീൻ പറയുന്നു. അർജുനെ കണ്ടെത്തുന്നത് വരെ, ജീവനറ്റ ശരീരമാണെങ്കിലും തിരികെ കിട്ടുന്നത് വരെ ഞാനും കുടുംബവും വളരെ വിഷമത്തിലായിരുന്നു. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നു. 

കൊല്ലം: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഓർമ്മയ്ക്കായി കട തുറന്ന് കൊല്ലം സ്വദേശി ബദറുദ്ദീൻ. കൊല്ലം പള്ളിമുക്ക് സ്വദേശി ബദറുദ്ദീനാണ് തന്റെ കടയ്ക്ക് തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കട തുറന്നത്. അർജുൻ സ്റ്റോർസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കട അർജുന്റെ ഓർമ്മയ്ക്കായി തുറന്നതാണെന്ന് ബദറുദ്ദീൻ പറയുന്നു. അർജുന്റെ പേരിനും ചിത്രത്തിനുമൊപ്പവും മനാഫിന്റെ ചിത്രവും കടയ്ക്കുമുന്നിൽ വെച്ചിട്ടുണ്ട്.

ആ 72 ദിവസങ്ങളിൽ ഏറ്റവും മാനസികമായി വേദനയനുഭവിച്ചിരുന്നുവെന്ന് ബദറുദ്ദീൻ പറയുന്നു. അർജുനെ കണ്ടെത്തുന്നത് വരെ, ജീവനറ്റ ശരീരമാണെങ്കിലും തിരികെ കിട്ടുന്നത് വരെ ഞാനും കുടുംബവും വളരെ വിഷമത്തിലായിരുന്നു. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നു. അങ്ങനെയാണ് മകന്റെ കടയായിരുന്ന ഇതിന് അർജുൻ സ്റ്റോർസ് എന്ന് പേരിടുന്നത്. നേരത്തെ ഇത് മൊബൈൽ ഷോപ്പായിരുന്നു. മകൻ ​ഗൾഫിൽ പോയതോടെ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ബദറുദ്ദീൻ പറയുന്നു.

Latest Videos

അർജുൻ എന്ന പേരിട്ടത് ഒരിയ്ക്കലും ലാഭ പ്രതീക്ഷയുടെ പുറത്തല്ല. മനസ്സാക്ഷിയുടെ അടിസ്ഥാനത്തിലാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നവർ ഇപ്പോഴുമുണ്ട്. അത് നശിച്ചുപോയിട്ടില്ല. അവിടെ നിന്ന് മറ്റെല്ലാവരും പോയിട്ടും മനാഫ് അവിടെ നിലയുറപ്പിച്ചു. ആ ദൃഢ നിശ്ചയത്തിലാണ് അർജുനെ കണ്ടെത്തിയത്. രണ്ടുപേരെയും ഓർമ്മയിൽ ഉണ്ടാവുന്നതിനാണ് ഇങ്ങനെ പേരിട്ടത്. എന്റെ മരണം വരെ ഇങ്ങനെ തുടരും. മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു. 

ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായെന്ന വാർത്ത ആദ്യമായി പുറത്ത് വന്നത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് ദിവസങ്ങൾക്ക് മുമ്പ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു. 

അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി; 'പാർട്ടിയുമായി ആലോചിക്കും, എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും'

https://www.youtube.com/watch?v=Ko18SgceYX8

click me!