നവകേരള സദസിൽ കൊടുത്ത പരാതി തുണയായി; 18 വർഷം മുമ്പത്തെ മോഷണക്കേസിൽ അറസ്റ്റ്, പ്രതി മുംബൈയിൽ ജ്വല്ലറി ഉടമ

By Web TeamFirst Published Aug 23, 2024, 2:10 AM IST
Highlights

ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച മഹീന്ദ്ര, അറസ്റ്റ് ഒഴിവാക്കണമെന്നും മോഷ്ടിച്ചതിന്‍റെ ഇരട്ടി സ്വർണം തിരികെ നൽകാമെന്നുവരെ അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് വിവരം

കൊച്ചി: പതിനെട്ട് വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ മുംബൈയിൽ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ്. മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 2006ൽ സ്വർണം മോഷ്ടിച്ച മഹീന്ദ്ര ഹശ്ബ യാദവിനെയാണ് വർഷങ്ങളുടെ തെരച്ചിലിനൊടുവിൽ പൊലീസ് വലയിലാക്കിയത്. പൊലീസ് അന്വേഷിച്ചെത്തുമ്പോൾ ഇയാൾ മുംബൈയിൽ അറിയപ്പെടുന്ന ജ്വല്ലറി ഉടമയായിരുന്നു. മൂവാറ്റുപുഴയിലെ കല്ലറയ്ക്കൽ ജ്വല്ലറിയിൽ 2006ലാണ് മോഷണം നടക്കുന്നത്.

ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര. ഏറെക്കാലമായി മൂവാറ്റുപുഴയിൽ തന്നെയായിരുന്നു താമസവും. പതിവുപോലെ ശുദ്ധീകരിക്കാൻ കൊണ്ടുപോയ 240 ഗ്രാം സ്വർണമാണ് മഹീന്ദ്ര കവർന്നത്. മൂവാറ്റുപുഴയിലെ ഒരാളിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പയും വാങ്ങി ഇയാൾ കുടുംബസമേതം മുങ്ങുകയായിരുന്നു. പഴയ വിലാസം വച്ച് ഇയാളെ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

Latest Videos

ഏറ്റവുമൊടുവിൽ നവകേരള സദസിൽ ജ്വല്ലറി ഉടമകൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് പുനരന്വേഷണം തുടങ്ങിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുൾപ്പെടെ പരിശോധിച്ച് ഇയാൾ മുളുണ്ടിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം പൊലീസിന് കണ്ടെത്താനായത് നാല് ജ്വല്ലറികളുടെ ഉടമയായ മഹീന്ദ്രയെയാണ്.

ആഡംബര ഫ്ലാറ്റിലായിരുന്നു താമസം. ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച മഹീന്ദ്ര, അറസ്റ്റ് ഒഴിവാക്കണമെന്നും മോഷ്ടിച്ചതിന്‍റെ ഇരട്ടി സ്വർണം തിരികെ നൽകാമെന്നുവരെ അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ശേഷം പൂനെ വിമാനത്താവളം വരെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിനെ പിന്തുടർന്നു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ മഹീന്ദ്രയെ റിമാൻഡ് ചെയ്തു.

285 കോടി ചെലവിൽ 12 ഏക്കറിൽ പിണറായിയിൽ ഒരുങ്ങുന്ന വമ്പൻ പദ്ധതി; പുതുതലമുറ കോഴ്‌സുകൾ അടങ്ങുന്ന എജുക്കേഷൻ ഹബ്ബ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!