അതിമനോഹരം, അത്ഭുതം, ഈ നിർമ്മിതി! മേച്ചിൽ പുല്ല് കൊണ്ട് 'പത്ത് ലക്ഷം വിലപറയുന്ന കൊട്ടാരം', കർഷകന് കയ്യടി

By Web TeamFirst Published Dec 5, 2023, 8:59 PM IST
Highlights

മേച്ചിൽ പുല്ലിന്‍റെ കണ ഉപയോഗിച്ച് വിവിധതരം നിർമ്മിതികളാണ് ഇതിനോടകം തോമസ് പൂർത്തിയാക്കിയത്. ചെറിയ ഏറുമാടം മുതൽ മാളികപ്പുറം വരെ നിർമിച്ചു

ഇടുക്കി: കുറേ മേച്ചിൽ പുല്ല് കിട്ടിയാൽ എന്തു ചെയ്യും. ഒരു സാധാരണ കർഷകനാണ് കിട്ടുന്നതെങ്കിൽ പശുവിന് തിന്നാൻ കൊടുത്ത് പാല് കറന്നെടുക്കും. എന്നിട്ടും ബാക്കിയുണ്ടേൽ തെങ്ങിൽ ചുവട്ടിലിട്ട് വളമാക്കും. എന്നാലിത് കുറച്ച് അസാധാരണക്കാരനായ ഉപ്പുതറ സ്വദേശി പായിപ്പാട്ട് തോമസ് എന്ന ക്ഷീര കർഷകനാണെങ്കിലോ. മേച്ചിൽ പുല്ലിന്റെ കണ കമ്പിൽ വിരിയുന്നത് 10 ലക്ഷം വരെ വില പറയുന്ന കൊട്ടാരമാണ്.

പിഴ ചുമത്തിയിട്ടുണ്ടോ? എങ്കിൽ എത്ര? ലോക്സഭയിൽ മുരളീധരൻ്റെ ചോദ്യം; അക്കമിട്ട് മറുപടി, 9 സഹകരണ ബാങ്കുകൾക്ക് പിഴ!

Latest Videos

ഉപ്പുതറ വളകോട്ടിലെ ഈ കൊട്ടാരം ആരെയും അമ്പരപ്പിക്കുന്നതാണ്. മേച്ചിൽ പുല്ലിന്‍റെ കണ കൊണ്ട് നിർമിച്ചതാണ് ഈ പടക്കൂറ്റൻ കൊട്ടാരം. കൊട്ടാരത്തിന്‍റെ മാതൃകയാണെങ്കിലും ഫോട്ടോയെടുത്ത് ഒറ്റനോട്ടത്തിൽ കണ്ടാൽ ഒർജിനലിനെ വെല്ലുന്നതാണ്. വളകോട് സ്വദേശി പായിപ്പാട്ട് തോമസാണ്  ഈ അത്ഭുത നിർമിതിയുടെ പിന്നിൽ. വളകോട്ടിലെ കണകൊട്ടാരം കാണാൻ നിരവധി ആളുകളാണ് ഹൈറേഞ്ചിന്റെ ചുരം കേറി എത്തിയത്. ഫോട്ടോയിൽ കണ്ടാൽ ഭീമനായ ഒരു കൊട്ടാരം എന്ന് തോന്നിപ്പിക്കും. എന്നാൽ തോമസ് എന്ന കർഷകൻ മേച്ചിൽ പുല്ലിന്റെ കണകൊണ്ട് നിർമ്മിച്ചതാണിത്.

വിവിധതരം നിർമാണങ്ങൾ

മേച്ചിൽ പുല്ലിന്‍റെ കണ ഉപയോഗിച്ച് വിവിധതരം നിർമ്മിതികളാണ് ഇതിനോടകം തോമസ് പൂർത്തിയാക്കിയത്. ചെറിയ ഏറുമാടം മുതൽ മാളികപ്പുറം വരെ നിർമിച്ചു. ഇപ്പോൾ പുതിയ പരീക്ഷണാർത്ഥം, മരകൂണുകളും പായലുകളും ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കുകയാണ് ഈ കർഷകൻ. കുടുംബം നൽകുന്ന പിന്തുണയാണ് തോമസിനെ വിവിധ പുതു പരീക്ഷണങ്ങളിലേക്ക് നയിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ കൂടിയതോടെ  യന്ത്രങ്ങളുടെ സഹായം വേണ്ടിവന്നു പിന്നീടങ്ങോട്ട് സാധനങ്ങളുടെ എണ്ണം കൂടിയതോടെ വീട്ടിൽ ഇടവുമില്ലാതായി. വീടിനോട് ചേർന്ന്  ചെറിയ മുറി നിർമിച്ച് അതിൽ ആളുകൾക്ക് കാണാനായി കരകൗശലവസ്തുക്കൾ പ്രദർശിപ്പിക്കാനാണ്  ഈ കർഷകന്റെ തീരുമാനം.

10 ലക്ഷം വരെ വില പറഞ്ഞ നിർമാണം

17 വർഷം മുമ്പ് തുടങ്ങിയ പ്രയത്നം രണ്ടര വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. അഞ്ചുലക്ഷം മുതൽ 10 ലക്ഷം രൂപവരെ ആളുകൾ വില പറഞ്ഞതോടെ ചില്ല് കൂടാരത്തിലായി കൊട്ടാരത്തിന്റെ സ്ഥാനം. എങ്കിലും പ്രൗഢി മാങ്ങാതെ കൗതുക കാഴ്ച സമ്മാനിച്ച് തോമസിന്റെ വീടിന്റെ ചുമരിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ കൊട്ടാരം. കൊട്ടാരത്തിന്റെ നിർമ്മാണവും, നിർമ്മാണ പൂർത്തീകരണത്തിന് ശേഷം കിട്ടിയ സ്വീകാര്യതയും മറ്റ് കരകൗശല നിർമ്മാണത്തിലേക്ക് തോമസിനെ നയിച്ചു. പിന്നീട് ചിരട്ടയിലായി പരീക്ഷണം. ആകർഷണം തോന്നിപ്പിക്കുന്ന വിവിധ വസ്തുക്കൾ ചിരട്ടയിൽ ജന്മമെടുത്തു. കൂടാതെ വന മേഖലയിൽ നിന്ന് കിട്ടുന്ന പല വസ്തുക്കളും കരകൗശലമായി തോമസിന്റെ വീട്ടിൽ സ്ഥാനം പിടിച്ചു. ക്ഷീര മേഖലയിലും കാർഷിക മേഖലയിലും ഉള്ള  പണികൾക്കിടയിൽ മിച്ചം കിട്ടുന്ന സമയമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!