വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് വാഗ്ദാനവും നൽകും
കണ്ണൂർ: പയ്യന്നൂരിൽ പൊലീസെന്ന വ്യാജേനയെത്തുന്ന അജ്ഞാതൻ കടകളിൽ കയറി പണം വാങ്ങുന്നതായി പരാതി. പയ്യന്നൂർ എസ്ഐയാണെന്ന് പറഞ്ഞാണ് പണം തട്ടുന്നത്. കഴിഞ്ഞ സെപ്തംബർ മുതൽ വിവിധ കടകളിൽ അഞ്ജാതനെത്തിയിട്ടുണ്ട്. പയ്യന്നൂർ എസ്ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് വാഗ്ദാനവും നൽകും. പണം വാങ്ങി പോയാൽ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകൾക്ക് അമളി മനസിലാവുക. ഈ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായെന്നാണ് വിവരം.
പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളെത്തുന്നത്. മിക്കപ്പോഴും ചെറുകിട വ്യാപാര സ്ഥാപനങ്ങളാവും ലക്ഷ്യം.കടം വാങ്ങുന്നത് ചെറിയ തുകയായതിനാൽ പരാതി നൽകാൻ പലരും തുനിഞ്ഞിരുന്നില്ല. എന്നാൽ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പുകാരനെത്തിയ കടകളിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതിയെന്ന സംശയിക്കുന്ന ഒരാൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
undefined