പാറശ്ശാലയിൽ ഇറങ്ങിയ യാത്രക്കാരി നൽകിയ വിവരം അനുസരിച്ച്, കുട്ടി ട്രെയിനിൽ നിന്ന് ഇറങ്ങാതെ, യാത്ര തുടർന്നുവെന്ന എന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കന്യാകുമാരി സ്റ്റേഷനിലിറങ്ങിയ പെൺകുട്ടിയെ ബീച്ചിന് സമീപത്തായി കണ്ടതായാണ് മേഖലയിലെ ഓട്ടോ ഡ്രൈവർമാർ പ്രതികരിക്കുന്നത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് 13കാരിയായ ഇതര സംസ്ഥാന പെൺകുട്ടിയെ കാണാതായിട്ട് മണിക്കൂറുകൾ കഴിയുന്നു. രാവിലെ 11 മണിയോടെയാണ് തസ്മിൻ തംസും വീട് വിട്ടിറങ്ങിയത്. അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പതിമൂന്നുകാരി ബാഗുമെടുത്തിറങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ കഴക്കൂട്ടം, കണിയാപുരം ഉൾപ്പെടെയുള്ള സമീപത്തെ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല. കമ്മീഷണർ കഴക്കൂട്ടത്തെത്തി അന്വേഷണത്തിന് മേൽനോട്ടം നൽകുന്നത്.
തസ്മിൻ ഉൾപ്പെടെ മൂന്ന് മക്കളാണ് അസം സ്വദേശികളായ ദമ്പതികൾക്ക്. കുട്ടികൾ തമ്മിൽ രാവിലെ വഴക്കുണ്ടായി. ഇതിന്‍റെ പേരിൽ മൂത്ത കുട്ടി തസ്മിനെ അമ്മ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ അച്ഛനും അമ്മയും ജോലിക്ക് പോയി. 11 മണിയോടെ തസ്മിൻ ഒരു ബാഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയെന്നാണ് ഇളയ കുട്ടികൾ പറയുന്നത്. അച്ഛനും അമ്മയും ഉച്ചക്ക് വീട്ടിൽ എത്തിയപ്പോഴാണ് തസ്മിൻ വീടുവിട്ടിറങ്ങിയ കാര്യം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഏകദേശം രണ്ട് മണിയോടെയാണ് പൊലീസ് കേസ് അന്വേഷണം തുടങ്ങിയത്.
രാത്രിയോടെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ തുടങ്ങി. കഴക്കൂട്ടത്തിന് 15 കിലോമീറ്റര്‍ ചുറ്റളവ് കേന്ദ്രീകരിച്ച് രാത്രി മുഴുവൻ പൊലീസ് സംഘം പരിശോധന നടത്തി. ബീമാപള്ളി, ശംഖുമുഖം തുടങ്ങി നിരവധി ഇടങ്ങളിൽ തെരച്ചിൽ നടന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്ന് അസമിലേക്ക് പോയ അരോണയ് എക്സ്പ്രസില്‍ കുട്ടി ഉണ്ടെന്ന് സംശയം ഉയർന്നു. ഇതോടെ ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ 15 മിനിറ്റ് പിടിച്ചിട്ട് നടത്തിയ പരിശോധനയിൽ പക്ഷെ കുട്ടിയെ കണ്ടെത്താനായില്ല.
ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി ഇരിക്കുന്ന ചിത്രം ഒരു വിദ്യാർത്ഥിനി പൊലീസിന് അയച്ചുകൊടുത്തു. കുട്ടി ട്രെയിനിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നി ആണ് യാത്രക്കാരി നെയ്യാറ്റിൻകരയിൽ വെച്ച് മൊബൈലിൽ ഫോട്ടോ എടുത്തത്. ഇത് തസ്മിൻ തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു.
മൂന്നു കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കഴക്കൂട്ടത്തിന് സമീപത്തെ കടയുടെ മുന്നിലും കഴക്കൂട്ടം ഹൈവേക്ക് സമീപത്തും കുട്ടി നടക്കുന്ന ദൃശ്യം കണ്ടെത്തി. പിന്നീട്, പത്തുരൂപയ്ക്ക് യാത്ര ചെയ്യാവുന്ന സിറ്റി ബസിൽ കയറി കുട്ടി കഴക്കൂട്ടത്തുനിന്ന് തമ്പാനൂരിൽ ഇറങ്ങി എന്നാണ് നിഗമനം.
ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസിന് കന്യാകുമാരിയിൽ എത്തും മുൻപ് 5 സ്റ്റോപ്പുകളാണുള്ളത്. നെയ്യാറ്റിൻകര, പാറശാല, കുഴിത്തുറയ്, ഇരണിയൽ, നാഗർകോവിൽ എന്നിവയാണ് കന്യാകുമാരിക്ക് മുൻപുള്ള സ്റ്റോപ്പുകൾ. ഇതിൽ നാഗർകോവിൽ സ്റ്റേഷനിൽ ട്രെയിൻ അഞ്ച് മിനിറ്റ് നിർത്തി ഇടുന്ന സ്റ്റോപ്പ് ആണ്. മാധ്യമ വാർത്ത കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസിന് നിർണായക ചിത്രം കൈമാറിയ വിദ്യാർത്ഥി ബബിത പറയുന്നു. ഫോട്ടോ എടുക്കുമ്പോൾ കുട്ടി കരയുന്നുണ്ടായിരുന്നു, എങ്കിലും സംസാരിക്കാനായില്ല. ചാനലുകളിൽ കണ്ട ഫോട്ടോയിലുള്ള വസ്ത്രം തന്നെയന്ന് മനസ്സിലാക്കിയാണ് ചിത്രം പൊലീസിന് അയച്ചതെന്നും ബബിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ട്രെയിലുണ്ടായ സഹയാത്രക്കാരി പെൺകുട്ടിയുടെ ചിത്രം കൈമാറിയത് പുലർച്ചെ 4 മണിയോടെയെന്നാണ് ഡിസിപിയും വിശദമാക്കുന്നു. വിവരം കിട്ടിയ ഉടൻ കന്യാകുമാരി, നാഗർകോവിൽ എസ്പിമാരുമായി ബന്ധപ്പെട്ടുവെന്നും ഡിസിപി അറിയിച്ചു. പാറശ്ശാലയിൽ ഇറങ്ങിയ യാത്രക്കാരി നൽകിയ വിവരം അനുസരിച്ച്, കുട്ടി ട്രെയിനിൽ നിന്ന് ഇറങ്ങാതെ, യാത്ര തുടർന്നുവെന്ന എന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കന്യാകുമാരി സ്റ്റേഷനിലിറങ്ങിയ പെൺകുട്ടിയെ ബീച്ചിന് സമീപത്തായി കണ്ടതായാണ് മേഖലയിലെ ഓട്ടോ ഡ്രൈവർമാർ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം