അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയിലെ വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു നാടകം
തിരുവനന്തപുരം: അനുകമ്പയും മൃഗസംരക്ഷണ ചിന്തയും വളർത്താൻ വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യുന്ന ദിനമായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത പിൻവലിച്ചിരുന്നു. എന്നാൽ ഉത്തരവിനെതിരെ ഏകാംഗ നാടകം അവതരിപ്പിച്ചു കൊണ്ട് വ്യത്യസ്തമായി പ്രതിഷേധിച്ചിരിക്കുകയാണ് പ്രശസ്ത സിനിമാ നടൻ അലൻസിയർ.
അലൻസിയറിന്റെ പുത്തൻ തോപ്പിലെ ഭരതഗൃഹത്തിലാണ് നാടകം അവതരിപ്പിച്ചത്. നാട്ടിലെ കുട്ടികളും ഏതാനും ചില പൊതുപ്രവർത്തകരും അയൽവാസികളും നാടകം കാണാൻ എത്തിയിരുന്നു. അയ്യപ്പപ്പണിക്കരുടെ 'മോഷണം' എന്ന കവിതയിലെ 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന വരികളുടെ പശ്ചാത്തലത്തിൽ ആയിരുന്നു നാടകം അവതരിപ്പിച്ചത്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ ഉത്തരവിനെ പുതിയ തലമുറയെ ബോധ്യപെടുത്തുന്നതിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചതെന്നും ഒരു കലാകാരൻ എന്ന നിലയിൽ അതിനോട് പ്രതികരിക്കുക തന്റെ ബാധ്യതയാണെന്നും അലൻസിയർ പറഞ്ഞു.
undefined
കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാർ ഈ നിർദ്ദേശം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയർന്നിരുന്നു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിൻവലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.