ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുമ്പോൾ കയ്യോടെ പിടിയിലായി; പ്രതികൾക്ക് 28 വര്‍ഷം കഠിന തടവ്

By Web TeamFirst Published Oct 25, 2024, 10:24 PM IST
Highlights

വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം വീതം കഠിനതടവും അനുഭവിക്കണം.

തിരുവനന്തപുരം:വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന്  വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും  28 വര്‍ഷം കഠിനതടവും പിഴയും. തമിഴ്നാട് തൂത്തുകുടി  സ്വദേശി ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി എട്ടാം മൈൽ സ്വദേശി എൻ ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം വീതം കഠിനതടവും അനുഭവിക്കണം.

6.360 കിലോ ഹാഷിഷ് ഓയിലാണ് വിൽപ്പനക്കായി ഉല്ലാസ് എന്ന ആളുടെ പക്കൽ നിന്നും മൂന്നാം പ്രതി ഗോപി രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരം വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ചത്. 2018 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപാസ് റോഡിൽ മാലിദ്വീപുകാർക്ക് ഹാഷിഷ് ഓയിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാവകുയായിരുന്നു. ഹാഷിഷ് ഓയിലുമായി വന്ന മൂന്ന് പ്രതികളെയും അന്നത്തെ എക്സൈസ് സര്‍ക്കിൾ ആയിരുന്ന റ്റി അനിൽ കുമാര്‍ (റിട്ടയേർഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ) അറസ്റ്റ് ചെയ്യകയായിരുന്നു. 

Latest Videos

കേസിലെ ഒന്നും രണ്ടും പ്രതികൾ 6 വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്നാം പ്രതിക്ക് 5 കൊല്ലത്തിനു ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതൽ രേഖകളും മാർക്ക് ചെയ്തു.കോടതി നേരിട്ട് 11 രേഖകളും വരുത്തി പരിശോധിച്ചു.

പ്രോസിക്യൂഷൻ വാദം ശരി വച്ച്, പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്ത 6,72,500 രൂപയും കണ്ടുകെട്ടി. കൂടാതെ ഈ കേസിൽ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകൾ സൂക്ഷിക്കാനും കോടതി ഉത്തരവിട്ചു. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡിജി റെക്സ് അഭിഭാഷകരായ സിപി രെഞ്ചു, ജിഐര്‍ ഗോപിക, പിആര്‍ ഇനില രാജ് എന്നിവർ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!