'മറ്റു പലരും ഇങ്ങനെയാക്കെ തന്നെ പണമുണ്ടാക്കുന്നു, ഒരു വ‍ര്‍ഷം മുമ്പ് പ്ലാനിങ്, ഇടയ്ക്ക് വേണ്ടെന്ന് വച്ചു'

By Web TeamFirst Published Dec 2, 2023, 4:19 PM IST
Highlights

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായിരുന്നു. 

കൊല്ലം: കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ. ആറ് വയസുകാരിയെ തട്ടിക്കൊണ്ടോപോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ ശൂന്യതയിൽ നിന്നാണ് പൊലീസ് 96 മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായിരുന്നു. കൊവിഡിന് പിന്നാലെ പത്മകുമാര്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു.

ആദ്യ ഘട്ടത്തിൽ പ്ലാനിങ് നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. ഒന്നര മാസം മുമ്പാണ്  വീണ്ടും പദ്ധതിയുമായി മുന്നോട്ടുപോയത്. ആദ്യത്തെ നമ്പര്‍ പ്ലേറ്റടക്കം ഒരു വര്‍ഷം മുമ്പ് തയാരാക്കിയതായിരുന്നു. മറ്റ് പലരും ഇത്തരം പല തട്ടിപ്പുകളിലൂടെ പണമുണ്ടാക്കുന്നുണ്ടെന്നും ദൃശ്യമാധ്യമങ്ങളും സ്വാധീനം ചെലുത്തിയെന്നും പദ്മകുമാര്‍ മൊഴി നൽകിയതായി എഡിജിപി അജിത് കുമാര്‍ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ സിനിമ പോലുള്ള മാധ്യമങ്ങൾ സമ്മര്‍ദ്ദം ചെലുത്തിയോ എന്നത് കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് നിലപാട്. 

Latest Videos

തട്ടിക്കൊണ്ടപോകൽ ആശൂത്രണത്തിൽ, പൊലീസെത്താന്‍ സാധ്യതയുളള എല്ലാ വഴികളും പ്രതികള്‍ അടച്ചിരുന്നതായും എഡിജിപി പറ‍ഞ്ഞു. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിന് ഇയാള്‍ മുതിര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും എഡിജിപി പറഞ്ഞു.

വലിയ സമ്മർദ്ദം ഉണ്ടായ കേസാണിതെന്നും  പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു. ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച് സുപ്രധാന സൂചന കിട്ടി. പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെ മനസ്സിലാക്കി. 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു. മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അനാവശ്യ സമ്മർദം ഉണ്ടായി. പക്ഷെ പൊലീസിന് കേസ് തെളിയിക്കാൻ സാധിച്ചു. പദ്മകുമാറിന് കടുത്ത സമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കൊവിഡ് കാലത്തിന് ശേഷമുണ്ടായ ബാധ്യതയാണിത്. ഒരു വർഷമായി ഇത് മറികടക്കാനുള്ള ആലോചനയിലായിരുന്നു പത്മകുമാർ.

4 ചോദ്യങ്ങൾക്കുളള ഉത്തരം, പദ്മകുമാറിൽ നിന്ന് പൊലീസ് തിരയുന്നത് ഇത് മാത്രം, ആദ്യമൊഴികൾ കെട്ടിച്ചമച്ച കഥകളോ?

മറ്റ് ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്. കാറിൽ യാത്ര ചെയ്ത് തട്ടിയെടുക്കാൻ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയെ തട്ടിയെടുത്തതിന് ശേഷം കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. 

പിന്നീട് പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം അറിയാം. പദ്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായതെന്നും എഡിജിപി വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!