അതിഥി തൊഴിലാളികളെ പുല്ല് ചെത്താൻ എത്തിക്കും, ഉടുതുണി പോലും പിന്നെ കാണില്ല, പണി പതിവാക്കിയ പ്രതി പിടിയിൽ

By Web TeamFirst Published Oct 26, 2024, 10:09 PM IST
Highlights

തിരുവല്ല പുളിക്കീഴ് സ്റ്റേഷൻ പരിധികളിൽ സമാനരീതിയിൽ പശ്ചിമബംഗാൾ സ്വദേശികളെ കബളിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 

ഹരിപ്പാട്: അതിഥി തൊഴിലാളിയുടെ ഉടുതുണിയും മൊബൈൽ ഫോണും 5,000 രൂപയും മോഷ്ടിച്ച അമ്പലപ്പുഴ സ്വദേശി വ്യാപകമായി തട്ടിപ്പ് നടത്തിയതായി പൊലീസ്. ഹരിപ്പാട്, തിരുവല്ല പുളിക്കീഴ് സ്റ്റേഷൻ പരിധികളിൽ സമാനരീതിയിൽ പശ്ചിമബംഗാൾ സ്വദേശികളെ കബളിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തട്ടിപ്പും വ്യക്തമായിട്ടുണ്ട്. 

ഹരിപ്പാട് ഡാണാപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന പശ്ചിമബംഗാൾ മാൾഡ സ്വദേശി അബുകലാമിനെ ഹരിപ്പാട്ടുനിന്നു സ്കൂട്ടറിൽ കയറ്റി വീയപുരത്ത് എത്തിച്ച് പാടത്തെ പുല്ലുപറിക്കാൻ പറഞ്ഞശേഷമാണ് തുണിയും മൊബൈൽ ഫോണും പണവും അപഹരിച്ച് അമ്പലപ്പുഴ പുറക്കാട് വൈപ്പിൻപാടത്തിൽ കൈതവളപ്പിൽ അൻവർ (35) കടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീയപുരം പൊലീസ് മണിക്കൂറുകൾക്കം ഇയാളെ പിടികൂടി. 

Latest Videos

കാർത്തികപ്പള്ളിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെ കഴിഞ്ഞ 23ന് രാവിലെ സ്കൂട്ടറിൽ കയറ്റി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിനു സമീപം എത്തിച്ചു. അവിടെ ഒഴിഞ്ഞ പറമ്പിലെ പുല്ലുചെത്താൻ പറഞ്ഞു. ജോലിചെയ്യുമ്പോൾ ധരിക്കുന്നതിനായി പഴകിയ വസ്ത്രങ്ങളും നൽകി. പശ്ചിമബംഗാൾ സ്വദേശി ഇതു ധരിച്ച് പുല്ലുചെത്തുന്നതിനിടെ അൻവർ വസ്ത്രവും മൊബൈൽ ഫോണും 6,800 രൂപയുമായി കടന്നു. അന്നുതന്നെ ഉച്ചയ്ക്കുശേഷം തിരുവല്ല പൊടിയാടിയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ഇതേ രീതിയിൽ പുല്ലുപറിക്കാനെന്ന പേരിൽ ഒഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. 

തിരുവല്ലയിൽനിന്ന് സ്കൂട്ടറിലാണ് ഇവരെ സ്ഥലത്തിറക്കിയത്. ഇവർ ജോലിചെയ്യുന്നതിനിടെ തുണിയും 3,500 രൂപയും മൊബൈൽ ഫോണും അപഹരിച്ചു കടന്നു. ഒക്ടോബർ ഏഴിനാണ് മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിലെ തട്ടിപ്പു നടത്തുന്നത്. അഞ്ചുമാസം മുൻപാണ് പ്രതി ഗൾഫിൽനിന്നു നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരുപതോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി അൻവർ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതിൽ 12 എണ്ണവും വിറ്റു. ബാക്കി കൈവശമുള്ളതായാണ് മൊഴി.

ഇതിന് മുന്‍പ് അൻവർ 2008-ൽ അമ്പലപ്പുഴയിൽ വഴിയാത്രക്കാരിയുടെ 24 ഗ്രാം തൂക്കംവരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ അറസ്റ്റിലായിരുന്നു. അന്ന് ജയിലിൽ കഴിയേണ്ടിയും വന്നിരുന്നു. ഇതോടെയാണ് ഇതരസംസ്ഥാനക്കാരെ ലക്ഷ്യമാക്കിയുള്ള മോഷണത്തിന് തീരുമാനമെടുത്തതെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസുകളിൽ വിചാരണ ഏറെ വൈകും. അപ്പോഴേക്കും വാദിയായ ഇതരസംസ്ഥാനക്കാർ ജോലിതേടി മറ്റിടങ്ങളിൽ പോയിരിക്കും. ഇവർ മിക്കപ്പോഴും കോടതിയിലെത്തില്ല. ഇതോടെ ശിക്ഷയിൽനിന്നു രക്ഷപ്പെടാമെന്നാണ് പ്രതിയുടെ കണക്കുകൂട്ടലെന്ന് പൊലീസ് പറയുന്നു

ചൈനീസ് ഫുഡ്ഡിന് ചുമ്മാ 5 സ്റ്റാർ റേറ്റിംഗ് ഇട്ടാൽ മതി, അക്കൗണ്ടിൽ കാശ് വരും; അക്ഷയയും അസറും തട്ടിയത് 26 ലക്ഷം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!