7 വർഷം, 2 തവണ പാളം തെറ്റി, 2 തീവെപ്പ്; അപകടങ്ങൾ തുടർക്കഥയാകുന്ന ഈ ട്രെയിൻ നല്ല വാർത്തകളുടെ ട്രാക്കിലല്ല!

By Web TeamFirst Published Jan 23, 2024, 10:19 AM IST
Highlights

കഷ്ടകാൽ എക്സ്പ്രസെന്ന് കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിനെ വിളിക്കാമോ എന്നാണ് സംശയം. തീവെപ്പും പാളം തെറ്റലുമായി അടുത്തിടെ ഇത്രയും തവണ അപകടവണ്ടിയായ ട്രെയിൻ വേറെയില്ലെന്ന് വേണം പറയാൻ. ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെ തുടർച്ചയായി കയറിയിറങ്ങിയ വേറെ വണ്ടിയുണ്ടാകുമോ എന്നതും ഒരു ചോദ്യമാണ്. 

ആലപ്പുഴ: അപകടങ്ങൾ വിട്ടൊഴിയാത്ത ട്രെയിനായി കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്. ഏഴ് വർഷത്തിനിടെ രണ്ട് തവണ പാളം തെറ്റി. കഴിഞ്ഞ വർഷം മാത്രം രണ്ട് തവണ തീവെപ്പുണ്ടായി. മൂന്ന് പേർ മരിച്ചു. പാളം തെറ്റിയത് ഷണ്ടിങ്ങിനിടെ ആയതിനാലാണ് കഴിഞ്ഞ ദിവസും വലിയ അപകടം ഒഴിവായത്.

കഷ്ടകാൽ എക്സ്പ്രസെന്ന് കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിനെ വിളിക്കാമോ എന്നാണ് സംശയം. തീവെപ്പും പാളം തെറ്റലുമായി അടുത്തിടെ ഇത്രയും തവണ അപകടവണ്ടിയായ ട്രെയിൻ വേറെയില്ലെന്ന് വേണം പറയാൻ. ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെ തുടർച്ചയായി കയറിയിറങ്ങിയ വേറെ വണ്ടിയുണ്ടാകുമോ എന്നതും ഒരു ചോദ്യമാണ്. പുലർച്ചെ അഞ്ച് മണിക്ക് കണ്ണൂർ വിടുന്ന ആലപ്പുഴ എക്സ്പ്രസ് നല്ല വാർത്തകളുടെ ട്രാക്കിലല്ല.

Latest Videos

കഴിഞ്ഞ ദിവസം പാളം തെറ്റിയതിന് സമാനമായി ഒരു അപകടമുണ്ടായത് 2016 ജൂലൈ അഞ്ചിനാണ്. കണ്ണൂരിൽ പുറപ്പെടാൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നതിനിടെ എഞ്ചിൻ തോട്ടിലേക്ക് മറിഞ്ഞു. മഴ കാരണം ലോക്കോ പൈലറ്റ് സിഗ്നൽ കാണാത്തത് പിഴവായി. ഒരാൾക്ക് പരിക്കേറ്റു. എഞ്ചിൻ പിന്നീട് പൊളിച്ചുവിറ്റു. 2023 ഏപ്രിൽ രണ്ടിന് രാത്രി. കേരളം ഞെട്ടിയ ട്രെയിൻ തീവപ്പും ഇതേ വണ്ടിയിലായിരുന്നു. ആലപ്പുഴയിൽ നിന്നുളള മടക്കയാത്രയിൽ എലത്തൂരിൽ ഡി വൺ കോച്ചിന് തീവച്ചു. പ്രതി ഷാറൂഖ് സെയ്ഫി. മൂന്ന് മരണം. ഒൻപത് പേർക്ക് പരിക്ക്.

രണ്ട് മാസം തികഞ്ഞില്ല. ജൂൺ ഒന്നിന് ഇതേ ട്രെയിനിൽ വീണ്ടും തീവെപ്പ്. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീവച്ചത് കൊൽക്കത്ത സ്വദേശി പ്രസോൺ ജിത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ. ഒരു കോച്ച് പൂർണമായും കത്തി. ഇപ്പോഴിതാ വീണ്ടും പാളം തെറ്റൽ. ഷണ്ടിങ്ങിനിടെ തെന്നിമാറിയത് രണ്ട് കോച്ചുകൾ. അറിഞ്ഞും അറിയാതെയും റെയിൽവെക്ക് എക്സിക്യുട്ടീവ് എക്സ്പ്രസൊരു തലവേദനാ എക്സ്പ്രസ് ആയി മാറുന്നുവെന്ന് വേണം പറയാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!