ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഒറ്റപ്പാലം: പാലക്കാട് പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നിലത്ത് വീണ ഇരുവരേയും മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. ചാലിശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം.
കറുകപുത്തൂർ - പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപമാണ് ആക്രമണം നടന്നത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇ.പി. രഞ്ജിത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ചാലിശ്ശേരി പൊലീസ് ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി പരിശോധന നടത്തി.
അക്രമി സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ചിലരെ യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.