കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി ഇതിനിടെ ആയിരുന്നു സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിനടുത്ത് നാല് പേരെ ചാക്കുകെട്ടുകളുമായി കണ്ടത്
കമ്പം: കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന കഞ്ചാവുമായി നാല് പേരെ തമിഴ്നാട് കമ്പം പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 12 കിലോ കഞ്ചാവും പിടികൂടി. കേരള – തമിഴ് നാട് അതിർത്തിക്കടുത്തുള്ള കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നീക്കം നടക്കുന്നതായി കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി. ഈ സമയം ക്രിക്കറ്റ് മൈതാനത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ ചാക്കു കെട്ടുമായി നാലു പേർ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞു. സംശയം തോന്നിയ പൊലീസ് ചാക്കുകെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് 12 കിലോ കഞ്ചാവ് കണ്ടെത്തിയത്.
തുടർന്ന് സംഘത്തിലുണ്ടായിരുന്ന കമ്പം സ്വദേശി സുജിത് കുമാർ, മധു ജില്ലയിലെ ഉസിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ഡി, കിഷോർ നാഥ് ഏഴുമലൈ സ്വദേശി സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങിക്കൊണ്ടു വന്നതെന്നും കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്താനാണ് ശ്രമിച്ചതെന്നുമാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇവർക്ക് കഞ്ചാവ് കൈമാറിയ ആളെ പിടികൂടാൻ പൊലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് പോയിട്ടുണ്ട്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.