വായ്പ കുടിശ്ശിക 4 ലക്ഷം; ഒരു ദിവസത്തെ പണിയും കളഞ്ഞ് നവകേരള സ​ദസിലെത്തി പരാതി നൽകി, കുറച്ച തുക വെറും 515...!

By Web TeamFirst Published Dec 25, 2023, 9:47 PM IST
Highlights

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കെടുത്തത് നാല് ലക്ഷം രൂപയാണ്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം.

കണ്ണൂർ: കണ്ണൂരിൽ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയിൽ ഇളവ് തേടി നവകേരള സദസ്സിൽ പരാതി നൽകിയയാൾക്ക് കുറച്ച തുക വെറും 515 രൂപ. പരമാവധി ഇളവ് നൽകിയെന്നും പരാതി തീർപ്പാക്കിയെന്നുമായിരുന്നു പരാതിക്കാരന് മറുപടി കിട്ടിയത്. എന്നാൽ കുറച്ച തുക കേട്ടപ്പോൾ ഞെട്ടിപ്പോയി, വെറും 515 രൂപയാണ് ഇയാൾക്ക് കുറച്ചുനൽകിയത്. 

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കെടുത്തത് നാല് ലക്ഷം രൂപയാണ്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഒരു ദിവസം പണി കളഞ്ഞ്, ഇരിട്ടി വരെ പോയി നൽകിയ അപേക്ഷയാണ്. എങ്കിലും പരാതിക്ക് കൃത്യമായി മറുപടികൾ വന്നു. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. താങ്കൾക്ക് പരമാവധി ഇളവ് നൽകാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. 

Latest Videos

ബസ്സിൽ നിന്നിറങ്ങി കാർ യാത്രക്കാരനെ മ‍ർദിച്ച് ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്, പരാതി

എന്നാൽ ഇളവ് ചെയ്ത തുക എത്രയെന്നല്ലേ? വെറും 515 രൂപ. കുടിശ്ശിക തുകയുടെ 0.13 ശതമാനം. അതായത് 397731 രൂപയിൽ നിന്ന് 515 രൂപ കുറച്ച് ബാക്കി 3,97216 രൂപ ഈ മാസം 31നകം ബാങ്കിൽ അടയ്ക്കണം. ഇളവ് അനുവദിക്കാൻ വകുപ്പില്ല എന്ന മറുപടിയായിരുന്നെങ്കിൽ ഇതിലും ഭേദമെന്നാണ് അപേക്ഷകൻ പറയുന്നത്. കണ്ണൂരിൽ നവകേരള സദസ്സിലെ പരാതികളിൽ ഏറ്റവുമധികം തീർപ്പാക്കിയത് സഹകരണ വകുപ്പാണ്. അതിലൊന്നാണ് ഈ തീർപ്പാക്കിയതുമെന്നാണ് കൗതുകം. 

https://www.youtube.com/watch?v=Ko18SgceYX8


 

click me!