ഇനി ഒരുകളിയും നടക്കില്ല, ഈ കോടതിയിൽ ജഡ്ജിക്കും മുകളിൽ എല്ലാം അറിയുന്ന 34 ക്യാമറകൾ, സഹായം കെൽട്രോൺ വക!

By Web TeamFirst Published Jan 31, 2024, 12:07 AM IST
Highlights

കോടതി വരാന്തകളിലും പാര്‍ക്കിംഗ് ഗ്രൗണ്ടിലും മുന്‍വശത്തുമായാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിക്കുക. നിരീക്ഷണത്തിനായി രണ്ട് സ്‌ക്രീനുകളും തയ്യാറാക്കിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കോടതി പരിസരത്ത് വിവിധയിടങ്ങളിലായി 34 ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. 360 ഡിഗ്രി പരിധിയിലുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാനാകും. കോടതി വരാന്തകളിലും പാര്‍ക്കിംഗ് ഗ്രൗണ്ടിലും മുന്‍വശത്തുമായാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിക്കുക. നിരീക്ഷണത്തിനായി രണ്ട് സ്‌ക്രീനുകളും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജിനും ഒബസര്‍വേഷന്‍ ചുമതലക്കാര്‍ക്കും നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ സജ്ജീകരിക്കുക. കെല്‍ട്രോണിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സമീപകാലത്തായി അതീവ സുരക്ഷാ സാഹചര്യത്തിലുള്ള കേസുകള്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കോടതിയില്‍ എത്താറുണ്ട്. ജില്ലാ കോടതിക്ക് പുറമേ, പോക്‌സോ, ഫാസ്റ്റ് ട്രാക്ക്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, പ്രിന്‍സിപ്പല്‍, കോമേഴ്‌സ്യല്‍ കോടതികളും അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതിയും മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികളും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ദിവസവും നിരവധി വിചാരണ തടവുകാരെയും കുറ്റവാളികളെയും  ഈ കോടതികളില്‍ ഹാജരാക്കാറുമുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ഹാജരാക്കുന്ന പ്രതികള്‍ക്ക് പുറത്ത് നിന്നുള്ളവര്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കോടതി പരിസരത്തുവെച്ച് കൈമാറുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. 

Latest Videos

തൊണ്ടിമുതലായ സൂക്ഷിച്ച വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ട വാര്‍ത്തയും ജില്ലാ കോടതിയില്‍ നിന്നുതന്നെ കേള്‍ക്കുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ കോടതിയുടെ ഏതു ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളും മുഴുവന്‍ സമയവും നിരീക്ഷിക്കാനാകുമെന്നതോടെ സുരക്ഷാ കാര്യങ്ങളിലുള്‍പ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

click me!