26 കിലോ സ്വര്‍ണ്ണ തട്ടിപ്പ്: ഭാര്യയോടൊപ്പം മുങ്ങാൻ പ്രതി, കടുങ്ങിയത് പുതിയ ആധാറെടുക്കാൻ ശ്രമിച്ചപ്പോൾ

By Web TeamFirst Published Aug 20, 2024, 2:54 AM IST
Highlights

ഒളിവിൽ പോയ തമിഴ് നാട് സ്വദേശിയായ മധ ജയകുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇതര സംസ്ഥാന പൊലീസിനെയും സമീപിച്ചിരുന്നു. കർണാടക വഴി തെല്ലങ്കാനയിലെത്തിയ പ്രതി അത് വഴി മഹാരാഷ്ട്രയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് ഭാര്യയോടൊപ്പം തെലങ്കാന പൊലീസിന്റെ പിടിയിലായത്.

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിപ്പ് നടത്തിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോയ തമിഴ് നാട് സ്വദേശിയായ മധ ജയകുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇതര സംസ്ഥാന പൊലീസിനെയും സമീപിച്ചിരുന്നു. കർണാടക വഴി തെല്ലങ്കാനയിലെത്തിയ പ്രതി അത് വഴി മഹാരാഷ്ട്രയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് ഭാര്യയോടൊപ്പം തെലങ്കാന പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പ് പുറത്തായതോടെ മധ ജയകുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. രാജ്യം വിടാതിരിക്കാനുള്ള മുൻകരുതൽ നടപടികളും എടുത്തു. തെലങ്കാനയിലെത്തി പുതിയ മൊബൈൽ സിം കാർഡ് വാങ്ങാൻ ശ്രമിച്ചതാണ് പ്രതിയെ കുടുക്കിയത്. ഇതിനായി പുതിയ ആധാർ കാർഡ് എടുക്കാൻ പ്രതി ഏജൻസിയിലെത്തി. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ആണ് മുന്നിലുള്ളത് കേരള പോലീസ് തേടുന്ന പ്രതിയാണെന്ന് ജീവനക്കാർക്ക് മനസിലാകുന്നത്. ഇതോടെ മധ ജയകുമാറിനെ ആധാർ ഏജൻസി ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു.

Latest Videos

തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാനുള്ള നീക്കങ്ങൾ ആരംഭിച്ചു. കയ്യിൽ സ്വയം മുറിപ്പെടുത്തി. അപ്പോഴേക്കും ആധാർ ഏജൻസി ജീവനക്കാർ ഇയാളെ കീഴ്പെടുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. തെല്ലങ്കാന പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ എത്തിച്ച് മുറിവിന് ചികിത്സയും നൽകി. പിറകെ കേരള പൊലീസിൽ വിവരം അറിയിച്ചു. രാവിലെ തെല്ലങ്കാനയിൽ എത്തിയ കേരള പൊലീസ് വിമാനമാർഗം പ്രതിയെ കോഴിക്കോട് എത്തിക്കുകയായിരുന്നു. 

പ്രതിയുടെ ഭാര്യയും കൂടെ ഉണ്ട്. ഇവർ അറിഞ്ഞാണോ തട്ടിപ്പ് എന്നും പൊലീസ് അന്വേഷിക്കും. ബാങ്കിലെ 46 അക്കൗണ്ടുകളിൽ നിന്നായി 26.24 കിലോ സ്വർണമാണ് ഇയാൾ കടത്തിയത് എന്നാണ് പരാതി. ബാങ്ക് റെജിസ്ററുകൾ അന്വേഷണ സംഘം പരിശോധിക്കും. മധ ജയകുമാർ പുറത്തിറക്കിയ വീഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വിളിച്ചു വരുത്തി. നഷ്ടമായത് ഇവരുടെ സ്വർണ്ണമാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ മറ്റിടപാടുകളെ കുറിച്ചും അന്വേഷണം നടത്തും. മഹാരാഷ്ട്ര ബാങ്കിൻ്റെ സോണൽ മാനേജരേയും ഉടൻ ചോദ്യം ചെയ്യും. തട്ടിപ്പിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാനുള്ള സാദ്ധ്യത അന്വേഷണ സംഘം തള്ളി കളയുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കൂടെ ബാങ്കിലെ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നകാര്യവും പരിശോധിക്കും. ബാങ്കിൽ നിന്നും വലിയ അളവിൽ കാർഷിക വായ്പ അനുവദിച്ചവരുടെ പട്ടികയും പൊലീസ് തയ്യാറാക്കുന്നുണ്ട്.

ഇടപാടുകാരായി എത്തി, ഡാൻസ് ബാറിൽ നിന്ന് 24 പെൺകുട്ടികളെ രക്ഷിച്ചു; ബാറിലെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!