Latest Videos

ആറ് മാസം, കലൂരിലെ ലോഡ്ജ് മുറികളിൽ മാറി മാറി താമസം, ലക്ഷ്യം വെച്ചത് വിദ്യാർത്ഥികളെ; കഞ്ചാവുമായി യുവാവ് പിടിയിൽ

By Web TeamFirst Published Jun 26, 2024, 1:39 AM IST
Highlights

കാസർകോഡ് നിന്നും കഞ്ചാവ് കൊണ്ടുവന്ന് കലൂർ, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരിലൊരാളാണ് പിടിയിലായ സഹദ്.

കൊച്ചി: എറണാകുളം കലൂരിൽ, ലോഡ്ജിൽ നിന്ന് 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോഡ്  ബേടഡുക്ക സ്വദേശി സഹദ് മുഹമ്മദ് മൊയ്ദീൻ (21) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി മലപ്പുറം തവനൂർ സ്വദേശി  മുഹമ്മദ് ആഷിക്ക് (21) ഒളിവിലാണ്. സഹദ് മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയും ആഷിക്കിനെ രണ്ടാം പ്രതിയാക്കിയുമാണ് എക്സൈസ് കേസെടുത്തത്.

അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെപി പ്രമോദും പാർട്ടിയും ചേർന്നാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. കാസർകോഡ് നിന്നും കഞ്ചാവ് കൊണ്ടുവന്ന് കലൂർ, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

കഴിഞ്ഞ ആറു മാസമായി കലൂരിലെ വിവിധ ലോഡ്ജുകളിൽ മുറികൾ മാറി മാറി വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. പ്രതിയെ പിടികൂടി സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ  രാജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ ജീനിഷ് , എംഎം അരുൺ കുമാർ, ബസന്ത് കുമാർ, മഹേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ, സരിതാ റാണി എന്നിവരുമുണ്ടായിരുന്നു.

അതിനിടെ മലപ്പുറം മഞ്ചേരിയിൽ 50 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആനക്കയം സ്വദേശി ശിഹാബുദ്ദീനെയാണ് കഞ്ചാവുമായി പിടികൂടിയത്.  മഞ്ചേരിയിൽ നിന്നും ആലുവയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

Read More : വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ്; പ്രതികൾക്ക് 20 വർഷം തടവും 2 ലക്ഷം രൂപ പിഴയും
 

click me!