3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിൽ പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

By Web TeamFirst Published Oct 20, 2024, 2:36 AM IST
Highlights

രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒയ്ക്കൊപ്പം അറസ്റ്റിലായ രാഹുൽ രാജിന്‍റെ പണമിടപാടുകൾ സംബന്ധിച്ച് വിജിലൻസ് വിശദമായ അന്വേഷണം തുടങ്ങി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ രാഹുൽ രാജിനെ റിമാൻഡ് ചെയ്തു.

ഒൻപതാം തീയതിയാണ് ചിത്തിരപുരത്തുള്ള പനോരമിക് ഗേറ്റവേ എന്ന റിസോർട്ടിന് ശുചിത്വവുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഡിഎംഒ ആയിരുന്ന എൽ മനോജിനെയും ഇദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ഡ്രൈവറായ എരുമേലി പുഞ്ചവയൽ തെക്കേടത്ത് രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.

Latest Videos

രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രാഹുൽ രാജിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. മൂന്ന് വർഷത്തിനിടെ രണ്ട് കോടിയിലധികം രൂപ രാഹുൽ രാജിന്‍റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.

തന്‍റെയും താൻ ഡ്രൈവറായി ജോലി നോക്കുന്ന ഡോക്ടറുടെയും ബിസിനസിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് രാഹുൽ രാജ് വിജിലൻസിന് നൽകിയിരിക്കുന്ന മൊഴി. ഇതിൽ കൈക്കൂലിപ്പണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തത വരുത്താൻ പണം ഇട്ടവരുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഡിഎംഒ മനോജിന്‍റെ അക്കൗണ്ടിലേക്ക് രാഹുൽ മുൻപ് പണം അയച്ചതിന്‍റെ തെളിവുകളും വിജിലൻസിന് കിട്ടിയിട്ടുണ്ട്. മനോജ് 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അൽ ബുഹാരി ഹോട്ടലുടമയും പരാതി നൽകിയിട്ടുണ്ട്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!