സ്കൂൾ കോമ്പൗണ്ടിലെ വഴക്കിൽ ഫോൺ കേടായി, വീട്ടുകാരുടെ വഴക്ക് ഭയന്നാണ് നാട് വിട്ടതെന്ന് 15കാരൻ

By Web Team  |  First Published Dec 29, 2023, 8:28 AM IST

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് കൂട്ടുകാരുമായുണ്ടായ വഴക്കിനിടെയാണ് ആദർശിന്റെ മൊബൈൽ ഫോൺ ചീത്തയായത്. ഇതിൽ വീട്ടുകാർ വഴക്ക് പറയുമെന്ന് പേടിച്ചാണ് നാടുവിട്ടതെന്നാണ് ആദർശിന്റെ പ്രതികരണം.


ഉച്ചക്കട: തിരുവനന്തപുരം ഉച്ചക്കടയിൽ നിന്ന് 9 ദിവസം മുമ്പ് കാണാതായ 15കാരൻ ആദർശ് വീട് വിട്ടത് ഫോണ്‍ കേടായതിന് വീട്ടുകാരുടെ വഴക്ക് ഭയന്ന്. തമിഴ്നാട്ടിലെ മാർത്താണ്ഡം കരിങ്കലിലെ കടയിൽ നിന്നാണ് ആദർശിനെ ഇന്നലെ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് കൂട്ടുകാരുമായുണ്ടായ വഴക്കിനിടെയാണ് ആദർശിന്റെ മൊബൈൽ ഫോൺ ചീത്തയായത്. ഇതിൽ വീട്ടുകാർ വഴക്ക് പറയുമെന്ന് പേടിച്ചാണ് നാടുവിട്ടതെന്നാണ് ആദർശിന്റെ പ്രതികരണം.

ഡിസംബർ 20നായിരുന്നു കുളത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആദർശിനെ കാണാതായത്. സ്കൂൾ കോമ്പൗണ്ടിൽ വച്ച് സഹപാഠികളും ആദർശും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ ആദർശിന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈലിന് കേടുപാട് സംഭവിക്കുകയായിരുന്നു. കേട് വന്ന മൊബൈലുമായി വീട്ടിൽ ചെന്നാൽ വഴക്ക് കേള്‍ക്കേണ്ടി വരുമെന്നതിനാലാണ് നാട് വിടാൻ തീരുമാനിച്ചതെന്നാണ് ആദർശ് പൊലീസിനോട് പറഞ്ഞത്. ആദർശിൻറെ ഫോട്ടോ അടക്കമുള്ള അറിയിപ്പ് പൊലീസ് കേരള-തമിഴ്നാട് ഭാഗങ്ങളിൽ നൽകിയിരുന്നു.

Latest Videos

undefined

ആദർശിന്‍റെ കുടുംബവും തമിഴ്നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഫോട്ടോ കൈമാറിയിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുട്ടിയെ കണ്ടെത്തിയെന്ന് ആദർശിന്‍റെ അച്ഛന് വിവരം ലഭിക്കുന്നത്. ശേഷം ഷാഡോ പൊലീസ് സ്ഥലത്തെത്തി ആദർശിനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.സംഭവദിവസം ഉച്ചക്കടയിലൂടെ ആദർശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ മറ്റ് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ആദർശ് സിം കാർഡ് ഉപേക്ഷിച്ചതും കണ്ടെത്തലിന് തിരിച്ചടിയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിനെതിരെയും കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!