ആയിരങ്ങൾ കൈകോര്‍ത്തു; തിളങ്ങി കോഴിക്കോട്ടെ 12 കടൽത്തീരങ്ങൾ

By Web TeamFirst Published Dec 10, 2023, 7:46 AM IST
Highlights

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

കോഴിക്കോട്: ആയിരങ്ങൾ ഒരുമിച്ച് ഒരേ സമയം കൈകോർത്തപ്പോൾ വൃത്തിയായത് കോഴിക്കോട് ജില്ലയിലെ 12 കടൽത്തീരങ്ങൾ. ഇന്നലെ രാവിലെ 7.30 മുതൽ ജില്ലയിലെ തെരഞ്ഞെടുത്ത കടൽത്തീരങ്ങളാണ് 'ശുചിത്വ തീരം' ക്യാമ്പയിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ചത്. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഭട്ട് റോഡ് ബീച്ചിൽ കടൽത്തീര ശുചീകരണ പ്രവർത്തനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ശുചിത്വ തീരത്തിന്‍റെ ഭാഗമായി ബീച്ചുകളിൽ വേസ്റ്റ് നിക്ഷേപിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് കലക്ടർ പറഞ്ഞു. മോണിറ്ററിംഗിനായി ജനകീയ കമ്മറ്റി രൂപീകരണം ഉള്‍പ്പെടെ തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള ഉദ്യമത്തിൽ ഏവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

Latest Videos

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ച്, ചെങ്ങോട്ടുകാവിലെ കവലാട് ബീച്ച്, കൊയിലാണ്ടി നഗരസഭയിലെ കൊയിലാണ്ടി ഹാർബർ ഭാഗം എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കലക്ടർ നേരിട്ടെത്തി വിലയിരുത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ നിർവ്വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാക്കടവ്, മൂടാടി പഞ്ചായത്തിലെ മുത്തായം ബീച്ച്, തിക്കോടി ഗ്രാമപഞ്ചായത്തിലെ കല്ലകം ഡ്രൈവിംഗ് ബീച്ച്, വടകര നഗരസഭയിലെ സാൻഡ് ബാങ്ക്സ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ ബീച്ച്, അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല ബീച്ച് ഹാർബർ, ചോറോട് ഗ്രാമപഞ്ചായത്തിലെ ഗോസായി കുന്ന് പള്ളിത്താഴം, പയ്യോളി നഗരസഭയിലെ പയ്യോളി ബീച്ച് എന്നിവിടങ്ങളാണ് ശുചീകരിച്ചത്. കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ശുചീകരണ പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേഷണവും നടന്നിരുന്നു. 

ജില്ലാ കലക്ടറുടെ ഇന്റേൺസാണ് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചത്. ക്യാമ്പസ് ഓഫ് കോഴിക്കോട് വളണ്ടിയേഴ്സ്, എൻഎസ്എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മസേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ഡിടിപിസി ഉദ്യോഗസ്ഥർ, മറ്റു സന്നദ്ധ സേന പ്രവർത്തകർ എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടന്നത്.

click me!