സ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിന് പിന്നിലെ രഹസ്യം!

By Web Desk  |  First Published Jun 15, 2016, 5:53 PM IST

പൊതുവെ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. എന്തുകൊണ്ടാണ് സ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതെന്ന് അറിയാമോ? ഇതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആധികാരികമായ ഒരു ഉത്തരവുമായി പുതിയൊരു പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. ഹോര്‍മോണിലെ വ്യതിയാനം പ്രതിരോധശേഷിയില്‍ ഉണ്ടാക്കുന്ന വ്യതിയാനമാണ് ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നതെന്നാണ് ബര്‍മിങ്‌ഹാമിലെ അലാബാമ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. സ്റ്റീവന്‍ ഓസ്റ്റാഡ്, കാത്ത്‌ലീന്‍ ഫിസ്‌ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഹോര്‍മോണിലെ ഘടനാ വ്യതിയാനം ക്രോമസോമിലും പ്രതിഫലിക്കുന്നുണ്ട്. അതായത്, പുരുഷന്‍മാര്‍ക്ക് ഒരു എക്‌സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണുള്ളത്. എന്നാല്‍ സ്‌ത്രീകളില്‍ ഇത് രണ്ടും എക്‌സ് ക്രോമസോമുകളാണ്. ഇത് മൈറ്റോകണ്‍ട്രിയല്‍ ഫിറ്റ്‌നസിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ഏതായാലും, ഹോര്‍മോണുകള്‍ പ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന വ്യതിയാനം ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നവെന്ന കണ്ടെത്തലിലാണ് പഠനസംഘം എത്തിചേര്‍ന്നിരിക്കുന്നത്. വൈദ്യശാസ്‌ത്രരംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

click me!