തടിച്ച സ്‌ത്രീകള്‍ തീറ്റപ്രാന്ത് അവസാനിപ്പിക്കില്ല!

By Web Desk  |  First Published Jul 23, 2016, 3:34 PM IST

അമിത വണ്ണമുള്ള ചില സ്‌ത്രീകള്‍ ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടുണ്ടോ? വാരിവലിച്ചു കഴിക്കുന്നതു കണ്ടാല്‍ എന്താണ് തോന്നുക? ഇത്രയും വണ്ണമുണ്ടായിട്ടും ഇവര്‍ ഭക്ഷണ കാര്യത്തില്‍ ഒരു നിയന്ത്രണവും വരുത്താറില്ല. എന്താണ് ഇതിന് കാരണം? എത്ര കഴിച്ചാലും വിശപ്പ് മാറാത്തതുപോലെ തോന്നുന്നതാണ് ഇവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള കാരണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ് ഇത്തരത്തില്‍ വിശപ്പ് മാറിയില്ലെന്ന തോന്നല്‍ വണ്ണമുള്ള സ്‌ത്രീകളില്‍ ഉണ്ടാക്കുന്നതെന്ന് ടെക്‌സാസ് സര്‍വ്വകലാശാലയിലെ അസി. പ്രൊഫസര്‍ നാന്‍സി പുസിഫെറിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. 15 തടിച്ച സ്‌ത്രീകളിലെയും(ബോഡി മാസ് ഇന്‍ഡക്‌സ് 35ന് മുകളില്‍) 15 മെലിഞ്ഞ സ്‌ത്രീകളിലെയും(ബോഡി മാസ് ഇന്‍ഡക്‌സ് 25ല്‍ താഴെ) തലച്ചോറിന്റെ പ്രവര്‍ത്തനമാണ് പഠനസംഘം പരിശോധിച്ചത്. മെലിഞ്ഞ സ്‌ത്രീകളെ അപേക്ഷിച്ച് വിശപ്പ് അമിതമായി തോന്നുന്നത് തടിച്ച സ്‌ത്രീകളിലാണെന്ന് പഠനത്തില്‍ വ്യക്തമായി. ഫങ്ഷണല്‍ മാഗ്നെറ്റിക് റിസണന്‍സ് ഇമേജിങ്(എഫ് എം ആര്‍ ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പഠനസംഘം വിലയിരുത്തിയത്. ഭക്ഷണം നല്‍കാതെ ഒമ്പത് മണിക്കൂറിനുശേഷം വിശപ്പിനെക്കുറിച്ച് പഠനത്തില്‍ പങ്കെടുത്തവരോട് ചോദിക്കുകയും, അവരുടെ ഇഷ്‌ട ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുകയും, ആ സമയത്തെ തലച്ചോറിന്റെ സ്‌കാന്‍ എടുത്തുമാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് ജേര്‍ണല്‍ ഒബീസിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!