പറഞ്ഞുവരുന്നത്, ലീ റിക്ക് എന്ന ജര്‍മ്മന്‍കാരിയെ കുറിച്ച്. ഒരു ബൈക്കുമെടുത്ത് പുള്ളിക്കാരി ലോകം ചുറ്റാന്‍ ഇറങ്ങി. ഇതുവരെ പിന്നിട്ടത് നിരവധി രാജ്യങ്ങള്‍. ഇപ്പോള്‍ ലീ റിക്ക് ഇന്ത്യയിലുണ്ട്, ചണ്ടിഗഢില്‍. ഇവിടെനിന്ന് വിട്ടാല്‍ അടുത്ത സ്റ്റോപ്പ് നേപ്പാളിലാണ്. അടുത്ത വര്‍ഷം ജന്മനാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവള്‍ 37 രാജ്യങ്ങള്‍ പിന്നിട്ടിട്ടുണ്ടാകും.
ജര്‍മ്മനിയിലെ മ്യൂണിക്കില്‍നിന്ന് തുടങ്ങിയ ലീയുടെ യാത്ര, ഉസ്‌ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നി രാജ്യങ്ങള്‍ പിന്നിട്ട്, ചൈന, പാകിസ്ഥാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. ഇനി നേപ്പാള്‍ വഴി മ്യാന്‍മാര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോകും. ബാങ്കോക്കില്‍നിന്ന് കുലാലംപുരിലേക്കും ദക്ഷിണ അമേരിക്കയിലേക്കും വിമാനമാര്‍ഗം പോകുന്ന ലീ, അര്‍ജന്റീന, ചിലി, പെറു, ബൊളീവിയ, കൊളംബിയ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിലേക്ക് എത്തും. അവിടെനിന്ന് വിമാനമാര്‍ഗം മൊറോക്കയിലേക്കും സ്‌പെയിനിലേക്കും ഫ്രാന്‍സിലേക്കും അവസാനം ജര്‍മ്മനിയിലേക്കും എത്താനാണ് പ്ലാന്‍.
യാത്രാനുഭവങ്ങള്‍ സ്വന്തം ബ്ലോഗായ ഗോ2ഗോയില്‍ രേഖപ്പെടുത്തുന്നുണ്ട്. അപരിചിതരുമായി എങ്ങനെ ഇടപെടണം? ബൈക്ക് ബ്രേക്ക് ഡൗണായാല്‍ എന്തുചെയ്യണം തുടങ്ങിയ ടിപ്പുകളും ലീ പങ്കുവെയ്‌ക്കുന്നുണ്ട്. യാത്രകള്‍ രക്തത്തില്‍ അലിഞ്ഞ ഭ്രാന്തമായ വിനോദമാണ് ലീയ്‌ക്ക്. ഇപ്പോള്‍ ഇന്ത്യയിലുള്ള ലീയ്‌ക്ക് ഇവിടുത്തെ ഭക്ഷണങ്ങളും അനുഭവങ്ങളും ഒത്തിരി ഇഷ്‌ടമായി. ഇനിയും ഇന്ത്യയിലേക്ക് വരുമെന്ന് പറഞ്ഞാണ് ലീ ഇവിടം വിടുന്നത്...