സോണിയ ഗാന്ധിക്ക് എഴുപതാം പിറന്നാള്‍

By Web Desk  |  First Published Dec 9, 2016, 2:22 AM IST

ഇന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ എഴുപതാം പിറന്നാളാണ്. നെഹ്റു കുടുംബത്തിലെ രാജകുമാരനായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യയായാണ് ഇറ്റലിക്കാരിയായ സോണിയാഗാന്ധി ഇന്ത്യയിലേക്ക് വരുന്നത്. രാജീവ് ഗാന്ധിയുടെ ആകസ്‌മിക വേര്‍പാടിന്റെ തീരാദുഃഖത്തില്‍ കഴിഞ്ഞ സോണിയ, സീതാറാം കേസരിക്ക് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് വന്നു. പ്രധാനമന്ത്രിയാകാനുള്ള അവസരം ഒന്നിലേറെ തവണ നിരസിച്ച സോണിയ ഗാന്ധി, വര്‍ഷങ്ങളോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്ത്യയില്‍ നയിച്ചു.
 
ഇറ്റലിയിലെ ചെറുഗ്രാമമായ അന്റോണിയോ എഡ്വിജെ ആല്‍ബിന മെയ്‌നോയിലാണ് സോണിയയുടെ ജനനം. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ കടുത്ത അനുയായിയായിരുന്നു സോണിയയുടെ അച്ഛന്‍. 1965ലാണ് പതിനെട്ടുകാരിയായ സോണിയ, ലണ്ടനില്‍വെച്ച് രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്നു രാജീവ്. പരിചയം സൗഹൃദവും പ്രണയവുമായി വളര്‍ന്നു. 1968ല്‍ ഹിന്ദു ആചാരപ്രകാരം രാജീവും സോണിയയും വിവാഹിതരായി. അങ്ങനെ ഇറ്റലിക്കാരിയായ സോണിയ ഇന്ത്യയിലെ വിഖ്യാതമായ നെഹ്‌റു കുടുംബത്തിലെ അംഗമായി. 1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ ദുഃഖിതയായി കഴിഞ്ഞ സോണിയ, 1997ലാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. 1998ല്‍ പാര്‍ട്ടി അദ്ധ്യക്ഷപദവിയിലെത്തി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ സോണിയ മുന്നില്‍നിന്ന് നയിച്ചു. സോണിയയുടെ കീഴില്‍ രണ്ടുതവണയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണി ഇന്ത്യയില്‍ അധികാരത്തിലേക്ക് വന്നു. 2004ലും 2009ലും പ്രധാനമന്ത്രിപദം സോണിയയുടെ ചുറ്റിലും കറങ്ങിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു... ഇപ്പോഴും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തില്‍ തുടരുന്നുണ്ടെങ്കിലും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സോണിയയെ അലട്ടുന്നുണ്ട്. ഇന്ദിരാഗാന്ധിക്കുശേഷം ഇന്ത്യന്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വനിതയായിരുന്നു സോണിയ ഗാന്ധി.

സോണിയാഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം, ഇവിടെ അവരുടെ അപൂര്‍വ്വമായ ചില ചിത്രങ്ങളും കാണാം...

Latest Videos

undefined

ചിത്രങ്ങള്‍ക്ക് കടപ്പാട്- ഇന്ത്യടുഡേ ‍ഡോട്ട് കോം

click me!