'അമ്മ വന്തിടുവാര്‍ സായങ്കാലം' സെല്‍വി അക്ക അതുപറയുമ്പോള്‍ പ്രത്യേകിച്ച് ഒന്നുംതോന്നിയിരുന്നില്ല ഈ നാലുവയസ്സുകാരിക്ക്. അന്നുവൈകുന്നേരം അയല്‍വാസികളായ സെല്‍വി അക്കക്കും ഗിരി അണ്ണനുംമൊപ്പം വിരലില്‍ തൂങ്ങി പാലവക്കത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്നും അമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു, 'പാത്തപോങ്കെ റൊമ്പാ ജന ഇരുക്കും.' ശരിയായിരുന്നു അമ്മ പറഞ്ഞത്. പാലവക്കം റോഡില്‍ രണ്ടുവശങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്നു. എത്രനേരം അങ്ങനെ കാത്തുനിന്നു എന്ന് അറിയില്ല, സെല്‍വിയക്കയോട് ശരിക്കും ദേഷ്യം തോന്നി, ആരുടെയോ അമ്മ വരുന്നതിന് ഇവരെന്തിനാ എന്നെ കൊണ്ടുവന്നെ.
കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വാഹനവ്യൂഹം അകലെ പ്രത്യക്ഷപ്പെട്ടു, ഇപ്പോഴും ആ ദൃശ്യം എന്റെ കണ്ണുകളിലുണ്ട്, വൈറ്റ് കളര്‍ ട്രാവലറില്‍, ഗ്ളാസിലൂടെ നോക്കിയാല്‍ നമുക്കവരെ കാണാം, പച്ച നിറമുള്ള സാരി ഉടുത്ത് ഉരുണ്ടിരിക്കുന്ന ഒരു സ്ത്രീ വെളുത്തു തുടുത്ത വട്ടമുഖം, സാരിത്തലപ്പുകൊണ്ട് പുതച്ചിരിക്കുന്നു. അവരെ ചൂണ്ടിക്കാട്ടി ആവേശത്തോടെ സെല്‍വിയക്ക പറഞ്ഞു, പാപാ നല്ലാപാര്ങ്കൊ നമ്മ തായ്, ആവേശം കൊണ്ട് അവര്‍ എന്റെ കയ്യിലെ പിടിത്തം വിട്ടിരുന്നു. വാഹനത്തില്‍ ഇരുന്നുകൊണ്ട് കൈവിരലുകള്‍ 'വി' ആകൃതിയില്‍ ഉയര്‍ത്തി അവര്‍ ഞങ്ങളെ സംബോധന ചെയ്തു. രണ്ടു മിനുട്ടുകൊണ്ട് ആ വാഹനവ്യൂഹം ഞങ്ങളെ കടന്നുപോയ്, എന്തൊരു പ്രൗഡിയായിരുന്നു ആ മുഖം. ആ നാലാം വയസ്സിലെ ഓര്‍മയാണ് ജയലളിത എന്ന നാമം കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത്. അന്നു കണ്ടറിഞ്ഞതാണ് തമിഴന് അമ്മയോടുള്ള ആവേശം.
undefined
പിന്നീട് പലപ്പോഴും ഇതുപോലെ കണ്ടിട്ടുണ്ട് അവരെ. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം ആണ് അമ്മയുടെ സാരിവിതരണം ഉണ്ടെന്നുപറഞ്ഞ് ഞങ്ങളുടെ കോളനിയിലെ സ്‌ത്രീകള്‍ കൂട്ടത്തോടെ പോയത്, ചെന്നെയിലെ ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു അമ്മയുടെ ചിത്രമുള്ള ടീവിയും ഗ്രൈന്ററും, വര്‍ഷങ്ങള്‍ക്കിപ്പുറം ചെന്നൈയില്‍ എത്തിയ എന്നെ വരവേറ്റത് ആമ്പരപ്പിക്കുന്ന മാറ്റങ്ങളായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് തമിഴ്‌നാടിനെ മാറ്റാന്‍ അവര്‍ക്കുകഴിഞ്ഞു. അതൊരു പെണ്‍കരുത്തിന്റെ പരിണിതഫലം ആയിരുന്നു, തന്നെ കളിയാക്കിയവര്‍ക്കെതിരെയുള്ള ശക്തമായ മറുപടി. ഇന്ത്യയിലെത്തന്നെ ശക്തയായ മുഖ്യമന്ത്രിയാണ് അവരെന്ന് സമ്മതിക്കാതെവയ്യ.
എന്നിരുന്നാലും ജയലളിതക്കുശേഷം ആര് എന്ന ചോദ്യം അവശേഷിക്കുന്നു. ഒരു നല്ല ഭരണാധികാരി ആവാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ മേക്കറാവാന്‍ അവര്‍ക്കുകഴിഞ്ഞോ എന്ന ചോദ്യം അവശേഷിക്കുന്നു. തമിഴ് മണ്ണിന്റെ ഭാവി കണ്ടറിയാം. രാഷ്‌ട്രീയം അല്ല, ആ അമ്മയോടുള്ള സ്നേഹവും തമിഴ് മക്കളോടുള്ള വേവലാതിയും. നാലുവയസുകാരിക്കുണ്ടായിരുന്ന അത്ഭുതം തന്നെയാണ് ഇന്നും അവരോട്. മനസ്സില്‍ ഒരുപാടിഷ്ടം ഉള്ള തമിഴ് മക്കളുടെ അമ്മക്ക് ബാഷ്പാഞ്ജലികള്‍...
ചന്ദ്രഹരി