ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കേണ്ട 5 അബദ്ധങ്ങള്‍

By Web Desk  |  First Published Oct 16, 2016, 4:06 PM IST

രമ്യ ആര്‍

നീളന്‍ മുടിയായാലും ചുരുണ്ട മുടിയായാലും ക്യത്യമായ സംരക്ഷണത്തിലൂടെ മാത്രമേ അതിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. അതിനായി ഷാംപൂ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഷാംപൂ ക്യത്യമായി ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ അത് മുടി കേടു വരരുത്തുന്നതിന് കാരണമാകും. പ്രധാനമായും ഷാംപൂ ഉപയോഗിക്കുമ്പോള്‍ നാം വരുത്തുന്ന അഞ്ച് അബദ്ധങ്ങള്‍ ഇതാ....

Latest Videos

undefined

ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍

നിങ്ങള്‍ ദിവസവും ഷാംപൂ ഉപയോഗിക്കുന്നവരാണോ, അതോ ചില പ്രത്യേക ദിനങ്ങള്‍ മാത്രമാണോ ഷാംപൂ ഉപയോഗിക്കുന്നത്? എങ്ങനെയായാലും നമ്മുടെ മുടിയുടെ പ്രക്യതത്തിനനുസരിച്ചുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കയ്യില്‍കിട്ടുന്ന ഷാംപൂ വാങ്ങി തോന്നും പടി ഉപയോഗിച്ചാല്‍ ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മുടി നന്നായി നനയ്ക്കാതിരിക്കുക

നിങ്ങള്‍ ഷാംപൂ ഉപയോഗിക്കും മുമ്പ് മുടി നന്നായി നനയ്ക്കാറുണ്ടോ? ഇല്ലെങ്കില്‍ ഷാംപൂ നന്നായി പതയില്ല. ഇത് പിന്നീട് മുടി പൊട്ടിപ്പോകുന്നതിനും കൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. ഷാംപൂ ചെയ്യുന്നതിന് മുന്‍പ് മുടി നന്നായി നനയ്ക്കുക. കൂടാതെ ഷവര്‍ ഉപയോഗിച്ച് മുടിയിലെ പത മുഴുവനായും കഴുകി കളയുകയും ചെയ്യണം.

ഒരേ സ്ഥലത്ത് ഷാംപൂ ചെയ്യാതിരിക്കുക

എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാന്‍ ആരംഭിച്ചാല്‍ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിന്‍ഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാന്‍ ആരംഭിക്കുന്നതാകും നല്ലത്. താഴെനിന്നും മുകളിലോട്ട് തേയ്ച്ച് പിടിപ്പിക്കുക.

വിരലറ്റങ്ങള്‍ ഉപയോഗിക്കാതിരിക്കുക

ഷാംപൂ തേയ്ച്ചു പിടിപ്പിക്കാന്‍ വിരലറ്റങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നഖങ്ങളും കൈത്തലങ്ങളും ഉപയോഗിക്കാതെ ശ്രദ്ധിക്കുക.

ചൂട് വെള്ളം ഉപയോഗിച്ച് മുടികഴുകാതിരിക്കുക

ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും.

click me!