മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അജു അലക്സിനെ (ചെകുത്താൻ) അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ ഇടേണ്ടത് അത്യാവശ്യമാണെന്നും ഉന്നത തല നിര്‍ദേശമുണ്ടെന്നും തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.
പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നുമാണ് യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ) ജാമ്യത്തിലിറങ്ങിയശേഷം പ്രതികരിച്ചത്.മോഹൻലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും.
കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാല്‍, ഞാൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കും.
ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം മോഹൻലാല്‍ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത്.
മാത്രമല്ല ഇത്തരത്തില്‍ എടുത്ത ചിത്രങ്ങള്‍ മോഹൻലാലിന്‍റെ ഫേയ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്റ്റേഷനില്‍ എത്താൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചു. താൻ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പലകാര്യങ്ങളും പ്രചരിച്ചുവെന്നും അജു അലക്സ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പൊലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.
മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്ന് 'ചെകുത്താൻ' യൂട്യൂബര്‍; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു
കാക്കനാട്ടെ അപാര്‍ട്ട്മെന്‍റിൽ നിന്നും യുവതി ഉള്‍പ്പെടെ ഒമ്പതുപേർ മയക്കുമരുന്നുമായി അറസ്റ്റിൽ