'യൂത്ത് ലീഗ് യുവ ഭാരത് യാത്രയിലേക്ക് ഡിവൈഎഫ്ഐക്ക് ക്ഷണം ലഭിച്ചിട്ടില്ല, വിളിച്ചാൽ ആലോചിച്ച് തീരുമാനമെടുക്കും'

By Web TeamFirst Published Dec 5, 2023, 12:28 PM IST
Highlights

കേന്ദ്ര നയങ്ങൾക്കെതിരെ വിവിധ യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു

കോഴിക്കോട്:യൂത്ത് ലീഗിന്‍റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാന്‍ ഡിവൈഎഫ്ഐക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. യൂത്ത് ലീഗിന്‍റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡന്‍റ് വി വസീഫ് എന്നിവര്‍ കോഴിക്കോട്ട് പറഞ്ഞു.  കേന്ദ്ര നയങ്ങൾക്കെതിരെ വിവിധ യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണ്. കേന്ദ്ര നയങ്ങൾക്ക് എതിരെ ജനുവരി 20ന് ഡിവൈഎഫ്ഐ കേരളത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറ‍ഞ്ഞു.

നവകേരള സദസ്സിനെതിരെ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്‌ കൊട്ടേഷൻ സംഘങ്ങളെ അയക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.
അങ്ങനെ വരുമ്പോൾ ജനങ്ങൾക്കും ഡിവൈഎഫ്ഐക്കും രക്ഷാപ്രവർത്തനം നടത്തേണ്ടി വരും. ഒരു അപകടം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനു ഡിവൈഎഫ്ഐ മുന്നിൽ ഉണ്ടാകും. മാടായിയിൽ നടന്നത് ജനങ്ങളുടെ പ്രതികരണമാണ്. അതിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ട്. ഡിവൈഎഫ്ഐ  കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തുന്നത് മുൻ കൂട്ടി അറിയിച്ചത് പ്രകാരം. എന്നാൽ യൂത്ത് കോൺഗ്രസ്‌ അങ്ങനെ അല്ല ചെയ്യുന്നത്. കരിങ്കൊടി പ്രതിഷേധം തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടില്ല 
കേരളത്തെ കലാപഭൂമി ആക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ല. യൂത്ത് കോൺഗ്രസ്‌ വ്യാജ  ഐഡി കേസില്‍ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ പരസ്പര ധാരണയാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു. അതു കൊണ്ടാണ് വിഷയത്തിൽ ബിജെപി മൗനം പാലിക്കുന്നത്. ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോർച്ച നേതാക്കൾ ഇപ്പോൾ  മിണ്ടാത്തത് അതിന്റെ തെളിവാണ്. അന്വേഷണം ശരിയായി പോയാൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ജയിലിലെത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

Latest Videos

 

മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 26 മുതലാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ യുവഭാരത് യാത്ര നടത്തുന്നത്. ഇന്ത്യ നമ്മളാണ് നമ്മളെല്ലാവരും എന്ന പ്രമേയത്തില്‍ ജമ്മു കശ്മീരില്‍നിന്നാണ് യാത്ര ആരംഭിക്കുക. 15 സംസ്ഥാനങ്ങള്‍ യുവഭാരത് യാത്രക്ക് വേദിയാകും. ഫെബ്രുവരി 26ന് കന്യാകുമാരിയിലാണ് യാത്ര സമാപിക്കുക.യുവഭാരത് യാത്രയുടെ ഭാഗമായ പൊതുവേദികളിലേക്ക് സിപിഎമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയെ ക്ഷണിക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചിരുന്നു. സിപിഎമ്മുമായി വേദി പങ്കിടുന്നതില്‍ മുസ്ലീം ലീഗ് ശങ്കിച്ചുനില്‍ക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐയെ ക്ഷണിക്കുന്ന നിലപാട് യൂത്ത് ലീഗ് സ്വീകരിച്ചത്. യുഡിഎഫിന്‍റെ ഭാഗമായ മുസ്ലീം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം. കേരളത്തിലേതു പ്രത്യേക രാഷ്ട്രീയ സാഹചര്യമാണെന്നും ദേശീയതലത്തില്‍ ലീഗും സിപിഎമ്മും ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണെന്നുമാണ് യൂത്ത് ലീഗ് നേതാക്കള്‍ വിശദീകരിക്കുന്നത്.
 

click me!