തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; പിന്നാലെ ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു

By Web Team  |  First Published Sep 24, 2024, 10:23 AM IST

സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.


തൃശൂർ: എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയതിന്‍റെ വൈരാഗ്യത്തില്‍ തൃശൂര്‍ കൈപ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്നു. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റി വിട്ടശേഷം പ്രതികള്‍ കടന്നു കളഞ്ഞു. രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിയായ നാല്പതുകാരന്‍ അരുണ്‍, സുഹൃത്ത് ശശാങ്കന്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ടെന്ന് പറഞ്ഞ് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു. അരുണിനെയും ശശാങ്കനെയും ആംബുലന്‍സില്‍ കയറ്റിയശേഷം പിന്നാലെ വരാമെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന മൂന്നംഗം സംഘം മുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി അരുണിന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ശാശാങ്കന്‍ നടന്ന സംഭവങ്ങള്‍ പറയുന്നത്. 

Latest Videos

കണ്ണൂര്‍ സ്വദേശിയായ സാദിഖിന് എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ അരുണും ശശാങ്കനും കൈക്കലാക്കി. എറിഡിയം വീട്ടില്‍ വച്ചാല്‍ സാമ്പത്തിയ അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം നഷ്ടപ്പെട്ടതിന് പിന്നാലെ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അരുണിനെയും ശശാങ്കനെയും സാദിഖ് പാലിയേക്കര ടോളിലേക്ക് വിളിച്ചു വരുത്തി. സാദിഖും കൂട്ടരും ചേര്‍ന്ന് ഇരുവരെയും ബലമായി കാറില്‍ വലിച്ചുകയറ്റി വട്ടണത്ര ഭാഗത്തേക്ക് പോയി. അവിടെയുള്ള എസ്റ്റേറ്റിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. അരുണ്‍ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റിവിട്ട് പ്രതികള്‍ കടന്നു കളഞ്ഞു. കസ്റ്റഡിയിലുള്ള ശശാങ്കന്‍റെ മൊഴി ശരിയാണോ എന്ന് കൈപ്പമംഗലം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ വൈകാതെ വലയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

click me!