മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ; പിണറായിയുടെ മറുപടി, സഭയിൽ വാക്ക്പോര്

By Web TeamFirst Published Jul 4, 2024, 12:11 PM IST
Highlights

കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയിൽ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി. 

'സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയിൽ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് എസ്എഫ്ഐക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശൻ തുറന്നടിച്ചു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ധർണയിരുന്നത്. ശ്രീകാര്യം സ്റ്റേഷനിൽ എന്തിനാണ് എസ്എഫ്ഐക്കാർ വന്നത്. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുകയുളളൂ. കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ വരെ എസ്എഫ്ഐ ആക്രമിച്ചു. പ്രിൻസിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞത്. 

ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയിൽ ബഹളം ഉണ്ടാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് വീണ്ടും ക്ഷുഭിതനായി. പ്രതിപക്ഷാംഗങ്ങളും സീറ്റിൽ നിന്നു എഴുന്നേറ്റു. 29 വർഷം സിപിഎമ്മിന്റെ അധ്യാപക സംഘടനയിൽ പ്രവർത്തിച്ച ആളാണ് എസ്എഫ്ഐയുടെ അതിക്രമമൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർഥിയെന്നും സതീശൻ പറഞ്ഞു. ബഹളമായതോടെ സ്പീക്കർ ഇടപെട്ടു. ഇതോടെ മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ എന്നാണ് 'ജനയുഗം' എസ്എഫ്ഐക്കാരെ വിശേഷിപ്പിച്ചത്. ഗാന്ധിയുടെ ചിത്രത്തിൽ മാലയിടാൻ ആണോ എസ്എഫ്ഐ പ്രവർത്തകർ രാഹുൽഗാന്ധിയുടെ ഓഫീസിൽ കയറിയത്. സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. നിങ്ങൾ എന്തിനാണ് ഏഷ്യാനെറ്റിന്റെ ഓഫീസ് അടിച്ച് തകർത്തത്? കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു. 

എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയെന്ന് പ്രതിപക്ഷം, ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്ന് പിണറായി

സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്ന് സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി നിങ്ങൾ മഹാരാജാവല്ല. നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മറക്കരുതെന്നും സതീശൻ തുറന്നടിച്ചു. ഇതോടെ മറുപടി നൽകിയ പിണറായി വിജയൻ, ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശൻ നൽകിയ മറുപടി.

ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വാക്കേറ്റമായി. ഇരുപക്ഷവും  സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയിൽ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവർ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ആവർത്തിച്ച് ചോദിച്ചു.എന്നാൽ വി ഡി സതീശൻ മറുപടി നൽകിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംബി രാജേഷ് മറുപടി നൽകി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങൾ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നൽകി. ഇത് എല്ലാവർക്കും ബാധകമാണ്. ചെയറിനു നേരെയുളള ആക്ഷേപം ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ലെന്നും   സ്പീക്കർ അഭിപ്രായപ്പെട്ടു. പരാതികൾ ഉണ്ടെങ്കിൽ ചേമ്പറിൽ വന്നു പറയണമെന്നും സ്പീക്കർ നിിർദ്ദേശിച്ചു.  ഇതോടെ പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികൾ വേഗത്തിൽ ആക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

 


 

click me!