സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ആലപ്പുഴ: ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്കും രോഗബാധയുണ്ട്. കഴിഞ്ഞ 12 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. അയൽവാസികൾക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങൾ കൂടി ഇന്നുണ്ടായി. ചിറയിൽകീഴ് സ്വദേശി രമാദേവി (68), പരവൂർ സ്വാദേശി കമലമ്മ (76), പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്.
പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ(54) കോട്ടയം മെഡിക്കൽ കോളേജിലാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗികൂടിയായരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദരോഗികൂടിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനും കൊവിഡ് ബാധിച്ചു മരിച്ചു.