വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

By Web TeamFirst Published Jul 15, 2023, 8:34 PM IST
Highlights

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം

കൊല്ലം: കരുനാഗപ്പള്ളിയിൽ റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി 25 വയസുള്ള രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്.

റവന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായി രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിത് കുടുംബ സമേതം രാവിലെ പത്തരയോടെ. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തിൽ തന്നെ സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പ്. 

Latest Videos

അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. ഒപ്പം കരുനാഗപ്പള്ളി പൊലീസിനും കളക്ടര്‍ക്കും പരാതി നൽകി. കുടുംബസമേതം പി.എസ്.സി ഓഫീസിലും വ്യാജ രേഖകളുമായി ചെന്ന രാഖി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റും കാണിച്ചു. പരിശോധനയിൽ റാങ്ക് ലിസ്റ്റിൽ രാഖിയില്ലെന്ന് മനസിലാക്കിയ പിഎസ്‍സി ഉദ്യോഗസ്ഥര്‍ രാഖിയേയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനേയും തടഞ്ഞുവച്ചു.

പൊലീസിനെ വിവരം അറിയിച്ചു. രാഖിയെ പൂര്‍ണമായും വിശ്വസിച്ച റെയിൽവേ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാര്‍ത്ഥിയെ പിഎസ്‍സി ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചുവെന്ന് വിളിച്ചറിയിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ്  ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡ്വൈസ് മെമോയും  ഈ മാസം മൂന്ന് എന്ന തീയതിയിൽ നിയമന ഉത്തരവും വ്യാജമായി തയ്യാറാക്കി സ്വന്തം വിലാസത്തിലേക്ക് അയച്ചെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോണിന്‍റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് പ്രതി സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത മറ്റ് ബന്ധുക്കൾക്ക് വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തൽ. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുകയാണ്.

Read More: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; കർശന വ്യവസ്ഥയിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Read More: നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ, ബി.കോം ഡിഗ്രി ഉൾപ്പെടെ 5 വ്യാജരേഖകൾ

click me!