അടച്ച റോഡ് ഏത്? തുറന്ന റോഡ് ഏത്? ഇന്ന് തുറന്നിരിക്കുന്ന റോഡ് നാളെയില്ല; തലസ്ഥാനവാസികൾക്ക് 'സ്മാർട്ട്' പരീക്ഷണം

By Web TeamFirst Published Mar 26, 2024, 9:42 AM IST
Highlights

ഇരുവശവും കുത്തിപ്പൊളിച്ചിട്ട റോഡും ആ റോഡരികിൽ തന്നെ കൂട്ടിയിട്ട മണ്ണും കല്ലും, കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറ‌ഞ്ഞ് രാത്രിയായാൽ ഇപ്പോൾ ഇരട്ടിയാണ് തലസ്ഥാനത്തെ യാത്രാ ദുരിതം. 

തിരുവനന്തപുരം: ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചും, ആകെ കുത്തിപൊളിച്ചുമുള്ള സ്മാർട്ട് റോഡ് പണി കാരണം രാത്രികാല യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദുരിതമാണ്. കുത്തിപ്പൊളിച്ചിട്ട റോഡിലൂടെ കുഴിയിൽ വീഴാതെയുള്ള യാത്ര ഭാഗ്യപരീക്ഷണമാണ്. ആംബുലൻസും ഫയർഫോഴ്സും പോലെ അത്യാഹിത ഘട്ടങ്ങളിൽ എത്തേണ്ട വാഹനങ്ങൾക്ക് മുന്നിൽ ഏതൊക്കെ റോഡാണ് അടച്ചതെന്നും ഏതൊക്കെയാണ് തുറന്നിട്ടുള്ളതെന്നും അറിയാതെ അകപ്പെട്ട അവസ്ഥയാണ്.

അത്യാവശ്യമായൊരാൾ വിളിച്ചാൽ എവിടെയാണെങ്കിലും സ്ഥലത്തേക്ക് പറന്ന് എത്തേണ്ട ആംബുലൻസുകൾക്ക് തലസ്ഥാന നഗരത്തിലൂടെയുള്ള ഓട്ടം ഇപ്പോൾ പരീക്ഷണ ഓട്ടമാണ്. ഇന്ന് തുറന്നിട്ടിരിക്കുന്ന റോഡ്, നാളെ അടച്ചിടും. മറ്റന്നാൾ തൊട്ടടുത്ത റോഡും അടച്ചിട്ടുണ്ടാകും. സഹായം തേടി വിളിക്കുന്ന രോഗികരിക്കിലേക്ക് അതിവേഗം എത്താൻ, സമയം പാലിക്കാൻ പെടാപ്പാട് പെടുകയാണ് അംബുലൻസ് ഡ്രൈവർമാർ. നഗരത്തിലെ മിക്ക പ്രധാന ആശുപത്രികളിലേക്കുമുള്ള റോഡുകളും സ്മാർട്ട് റോഡ് നിർമാണത്തിന്റെ പേരിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ചുറ്റിക്കറങ്ങി കിലോമീറ്റുകൾ സഞ്ചരിക്കുമ്പോൾ നഷ്ടമാകുന്നത് ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയാണ്. 

Latest Videos

ഇരുവശവും കുത്തിപ്പൊളിച്ചിട്ട റോഡും ആ റോഡരികിൽ തന്നെ കൂട്ടിയിട്ട മണ്ണും കല്ലും, കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറ‌ഞ്ഞ് രാത്രിയായാൽ ഇപ്പോൾ ഇരട്ടിയാണ് തലസ്ഥാനത്തെ യാത്രാ ദുരിതം. ഇതിൽ ബൈക്ക് യാത്രക്കാരുടെ കാര്യമാണ് ഏറ്റവും കഷ്ടം. പലയിടത്തും മതിയായ സ്ട്രീറ്റ് ലൈറ്റുകളില്ല. തുറന്ന് കിടക്കുന്ന കുഴികളും. അതിനിടയിലൂടെ ജീവൻ കൈയ്യിലെടുത്താണ് യാത്ര.

എവിടെയൊക്കെ റോഡ് അടച്ചിട്ടുണ്ട്, എവിടെയൊക്കെ തുറന്നിട്ടുണ്ട് എന്നൊന്നും ആർക്കും ഒരു പിടിയുമില്ല. എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് പണി നടത്തുകയാണ് പണി എളുപ്പം പൂർത്തിയാക്കാൻ നല്ലതെന്നാണ് സ്മാർട്ട് സിറ്റി അധികൃതരുടെ വാദം. പക്ഷെ അത്യാഹിത ഘട്ടങ്ങളിലെത്തേണ്ട ആംബുലൻസും ഫയർഫോഴ്സ് വാഹനങ്ങളും ഒക്കെ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒപ്പം രാത്രികാല യാത്രാ ദുരിതത്തിനും മറുപടിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!