'യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്നം'
കോഴിക്കോട് : ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർത്ഥ പ്രശ്നത്തിൽ നിന്നും വഴി മാറിപ്പോകരുതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന ചോദ്യമുയർത്തിയ ചെന്നിത്തല, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
'സർക്കാർ വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിൻ്റെ നിഴലിൽ നിർത്താൻ ആവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേ സമയം, ബലാത്സംഗകേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി.
'ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണ്. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല'. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.