കേന്ദ്രം കൂടുതല്‍ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
കൊച്ചി: വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര നിലപാടിൽ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുമ്പോൾ കേരളത്തിന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്പോഴും അനുകൂലസമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാർത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു. എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാർത്തകൾ കണ്ടാൽ ഒന്നും നൽകില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളിൽ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Also Read: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും; കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നുവെന്ന് റവന്യൂ മന്ത്രി
കേന്ദ്രം കൂടുതൽ സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും സംസ്ഥാനത്തോട് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് ഫണ്ട് അനുവദിക്കുന്നതിൽ തീരുമാനം ഈ മാസം വിട്ട് പോകില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അതേസമയം അടിയന്തര ആവശ്യങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ മറുപടി നൽകി.
അതേസമയം, മുണ്ടക്കൈ ചൂരമൽമലയിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തോടുള്ള വെല്ലുവിളിയെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കാലതാമസത്തിന് കാരണമെന്നാണ് ബിജെപി അദ്ധ്യക്ഷന്‍റെ വിമർശനം. ദുരിതബാധിതർക്കുള്ള സാമ്പത്തിക സഹായം ഈ മാസം കൂടി തുടരുമെന്ന് സംസ്ഥാനവും കോടതിയെ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.