ദുരന്ത നിവാരണ പദ്ധതികൾ സംബന്ധിച്ച് ദേശീയ - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവ മറുപടി നൽകാൻ കോടതി നിർദേശം നല്‍കി
കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ താൽക്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദർശനം നടത്തിയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വായ്പ്പകൾ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി.
ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ച്ചയ്ക്കുള്ളിൽ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിയമപ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികൾ വിവിധ വകുപ്പുകളിൽ ആവിഷകരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടികാണിച്ചു.
പ്രത്യേക ദുരന്തനിവാരണ പദ്ധതികൾ ഓരോ വകുപ്പുകളും ആവിഷ്കരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.ദുരന്ത നിവാരണ പദ്ധതികൾ സംബന്ധിച്ച് ദേശീയ - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവ മറുപടി നൽകാൻ കോടതി നിർദേശം നല്‍കി .ഹിൽ സ്റ്റേഷനുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയിക്കണം . സർക്കാർ ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണം. സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിലെ പൂര്‍ണ വിശദാംശങ്ങളാണ് നൽകേണ്ടത്. മൂന്നാഴ്ച്ചയ്ക്കുള്ളിൽ ജില്ലാ ഭരണകൂടങ്ങൾ സർക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്കസ് ക്യൂറി
മുന്നറിയിപ്പുകൾ അവഗണിച്ചതും മുൻകരുതലുകൾ എടുക്കാത്തതുമാണ് വയനാട് ദുരന്തത്തിന്‍റെ വ്യാപ്തിയേറ്റിയതെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. വയനാട്ടിലെ 29 വില്ലേജുകൾ ഉരുൾപൊട്ടൽ സാധ്യതയേറിയ പ്രദേശങ്ങളാണെന്ന് കണ്ടെത്തിയിട്ടും വേണ്ടത്ര മുന്നൊരുക്കങ്ങലോ പ്രതിരോധ നടപടികളോ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ദുരന്തരനിവാരണ മാനേജ്മെന്‍റ് പ്ലാനിൽ പറഞ്ഞിരുന്നതാണ്. തീവ്ര ദുരന്തസാധ്യതാ മേഖലകളിൽ പോലും മൈക്രോലെവലിൽ മഴ സാധ്യതയോ ദുരന്തസാധ്യതയോ കണ്ടെത്തുന്നതിനും മുന്നറിയിപ്പുകൾ നൽകാനും ശാസ്ത്രീയ മാർഗം ഇല്ല. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. ഉരുൾപൊട്ടലിൽ കോടതി സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; 'ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ'