തുള്ളി പോലുമില്ല മഴ: വയനാട്ടിൽ വേനലിന് സമാനം; കർഷകർക്ക് ആശങ്ക, വിനോദസഞ്ചാരത്തിനും തിരിച്ചടി

By Web Team  |  First Published Jun 29, 2023, 10:21 AM IST

മഴയിലുണ്ടായ കുറവ് മഴക്കാല വിനോദ സഞ്ചാരം പ്രതിസന്ധിയിലാക്കി. മഴ മഹോത്സവ നടത്തിപ്പും വെല്ലുവിളി നേരിടുകയാണ്


വയനാട്: ജൂൺ അവസാനത്തിലും വയനാട്ടിൽ പെയ്യാൻ മടിച്ച് മഴ. തുടർച്ചയായ മൂന്നാം വർഷവും ജൂണിൽ സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുണ്ടായ ജില്ലയാണ് വയനാട്. കാർഷിക കലണ്ടർ താളം തെറ്റുമെന്ന ഭീതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മഴയിലുണ്ടായ കുറവ് മഴക്കാല വിനോദ സഞ്ചാരം പ്രതിസന്ധിയിലാക്കി. മഴ മഹോത്സവ നടത്തിപ്പും വെല്ലുവിളി നേരിടുകയാണ്.

വയനാട്ടിലെ മഴ ജൂണിൽ 

  • 2020 - 184 മിമീ
  • 2021 - 325 മിമീ
  • 2022 - 73 മിമീ
  • 2023 - 71 മിമീ

Latest Videos

undefined

തിരിമുറിയാതെ മഴപെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിൽ വയനാട്ടിൽ കൊടും വെയിലാണ്. മഴക്കാറ് പേരിന് മാത്രമെന്നതാണ് സ്ഥിതി. ജൂണിൽ ശരാശരി 280 മില്ലിമീറ്റർ മഴ വയനാട് ജില്ലയിൽ കിട്ടേണ്ടതാണ്. എന്നാൽ ഇതുവരെ പെയ്തത് 72 മില്ലിമീറ്റർ മഴ മാത്രമാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമാണ് ഇത്തവണത്തെയും സ്ഥിതി.

ജില്ലയിലെ മഴക്കുറവ് 80 ശതമാനത്തിന് മുകളിലാണെന്നത് വലിയ പ്രതിസന്ധിയിലേക്കാണ് വയനാട് ജില്ലയെ തള്ളിവിട്ടിരിക്കുന്നത്. വയനാട് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവാണ് കാലവർഷത്തിലുണ്ടാകുന്ന മാറ്റം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജൂലൈ അവസാനവും ഓഗസ്റ്റിലുമാണ് വയനാട്ടിൽ കാലവ‍ർഷം ശക്തമായത്.

ജില്ലയിലെമ്പാടും കിണറിൽ ജലനിരപ്പ് കൂടുന്നില്ലെന്നതും വെല്ലുവിളിയാണ്. പുഴകളിൽ ഒഴുക്ക് വേനൽകാലത്തേതു പോലെയാണ്. കൈത്തോടുകൾക്കും ജീവൻ വച്ചു വരുന്നേ ഉള്ളൂ. ജൂൺ ഒന്നിന് നിവർത്തിയ കുട മഴ തോർന്നിട്ട് താഴ്ത്തില്ല, എന്ന വയനാടൻ ചൊല്ല് മാറ്റേണ്ട സ്ഥിതിയാണ്. ജൂണിൽ കുട തുറക്കാൻ തന്നെ മഴത്തുള്ളികളില്ല.

click me!