'അണക്കെട്ടുകളിൽ ജലനിരപ്പെത്ര?', സർക്കാരിനോടും കെഎസ്ഇബിയോടും മറുപടി തേടി ഹൈക്കോടതി

By Web Team  |  First Published May 28, 2020, 1:04 PM IST

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന അളവിലാണെന്നും, എന്നാൽ വൈദ്യുതി ഉത്പാദനവും വെള്ളം തുറന്നുവിടലും കാര്യക്ഷമമല്ലെന്നും കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.


കൊച്ചി: അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. പല അണക്കെട്ടുകളിലും ഇപ്പോൾത്തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണെന്നും, വൈദ്യുതോൽപ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണ കാലവർഷമുണ്ടായാലും പ്രളയസാധ്യതയുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തിൽ ചീഫ് ജസ്റ്റിസിന് കത്ത് നൽകുന്നത് അസാധാരണ നടപടിയാണ്. ജ. ദേവൻരാമചന്ദ്രന്‍റെ കത്ത് പരിഗണിച്ച് സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് സർക്കാരിനോടും കെഎസ്ഇബിയോടും വിശദീകരണവും തേടിയിട്ടുണ്ട്. 

സാധാരണ വേനൽക്കാലങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ കേരളത്തിലെ പല അണക്കെട്ടുകളിലുമുണ്ടെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ അതനുസരിച്ചുള്ള വൈദ്യുതോൽപ്പാദനം പല അണക്കെട്ടുകളിലും നടക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ മൂന്ന് ജനറേറ്ററുകൾ കേടായ സ്ഥിതിയിലാണ്. ഈ അവസ്ഥയിൽ മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം അൽപാൽപ്പം തുറന്നുവിടൽ പ്രായോഗികമാകില്ല. സാധാരണ കാലവർഷമാണെങ്കിൽത്തന്നെ പ്രളയസാധ്യതയുണ്ടെന്നിരിക്കെ അതിവർഷമുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി ഹൈക്കോടതി ഇടപെടൽ വേണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.

Latest Videos

undefined

കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച്, സർക്കാരിനോടും കെഎസ്ഇബിയോടും വിഷയത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എന്താണ് നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് ഇനി അടുത്ത മാസം ആറിന് പരിഗണിക്കും. 

കേരളത്തിൽ തിങ്കളാഴ്ച മുതൽ കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. ഉംപുൺ ചുഴലിക്കാറ്റിന്‍റെയും അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദത്തിന്‍റെയും പശ്ചാത്തലത്തിൽ വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്. 

click me!