ബില്ലടച്ചിട്ടും കണക്ഷൻ പുനഃസ്ഥാപിക്കാത്തതിൽ പരാതി ഉന്നയിച്ച കുടുംബത്തോട് ഉദ്യോഗസ്ഥർ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു
കൊച്ചി: ബില്ലടച്ചിട്ടും എറണാകുളം വടക്കേക്കരയിൽ കാഴ്ചപരിമിതയായ സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാത്തതിൽ വാർത്തയ്ക്ക് പിന്നാലെ പരിഹാരം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വാട്ടർ അതോറിറ്റി പ്ലംബറെ വിളിച്ച് വരുത്തി കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചു. ഇതിനായി കുടുംബത്തിൽ നിന്ന് പണം ഈടാക്കിയില്ല. ഏഷ്യാനെറ്റ് ന്യൂസ് സംഭവം വാർത്തയാക്കിയതിന് പിന്നാലെയാണ് വാട്ടർ അതോറിറ്റിയുടെ ഇടപെടൽ.
ബില്ലടച്ചിട്ടും കണക്ഷൻ പുനഃസ്ഥാപിക്കാത്തതിൽ പരാതി ഉന്നയിച്ച കുടുംബത്തോട് ഉദ്യോഗസ്ഥർ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു. വാട്ടർ അതോറിറ്റിയിൽ നിന്ന് ആരും കണക്ഷൻ പുനഃസ്ഥാപിക്കാൻ വരില്ലെന്നും അംഗീകൃത പ്ലംബറെ വിളിച്ച് കണക്ഷൻ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു നിലപാട്. വാട്ടർ അതോറിറ്റി ബിൽ തുകയിൽ കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ഷൻ റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥരെത്തി കണക്ഷൻ റദ്ദാക്കുകയായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെ മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഇതോടെ കണക്ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു. റദ്ദാക്കിയ കണക്ഷൻ ആര് എങ്ങനെ പുനസ്ഥാപിക്കണം എന്നതിൽ വകുപ്പിൽ നിന്നും കൃത്യമായ നിർദ്ദേശമില്ലെന്നാണ് വടക്കേക്കര വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം.