കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പഴയ ചില ഓര്‍മ്മകള്‍ ചികഞ്ഞെടുത്താണ് വി ടി ബല്‍റാം എംഎല്‍എ പരിഹസിച്ചിരിക്കുന്നത്. പരോക്ഷമായി ഇടതുപക്ഷത്തെയും സംവിധായകന്‍ ആഷിക് അബുവിനുമുള്ള ട്രോളാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു.
ഏറ്റവും കൂടുതൽ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹത്തിനാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.
എന്നാല്‍, കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പഴയ ചില ഓര്‍മ്മകള്‍ ചികഞ്ഞെടുത്താണ് വി ടി ബല്‍റാം എംഎല്‍എ പരിഹസിച്ചിരിക്കുന്നത്. പരോക്ഷമായി ഇടതുപക്ഷത്തിനും സംവിധായകന്‍ ആഷിക് അബുവിനുമുള്ള ട്രോളാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍ കോഴ ആരോപണത്തില്‍ കേരള രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.
അതില്‍ ഏറ്റവും ശ്രദ്ധേയമായതായിരുന്നു 'എന്‍റെ വക 500' ക്യാമ്പയിന്‍. ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. ''അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ'' എന്നായിരുന്നു ആഷിക് അബുവിന്‍റെ പോസ്റ്റ്.
ഇപ്പോള്‍ ബജറ്റ് പ്രസംഗത്തിന് പിന്നാലെ വി ടി ബല്‍റാം എന്‍റെ വക 500' ക്യാമ്പയി'നെയാണ് ട്രോളിയിരിക്കുന്നത്. 5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ? - എന്നാണ് ബല്‍റാം കുറിച്ചത്.