വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം.
വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാൽ രാവിലെ തന്നെ പോളിംഗ് തടസപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാർ ആയത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീൻ തകരാർ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. 8 മണിയാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
ചേലക്കരയിൽ 6 സ്ഥാനാർത്ഥികളും വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി.
undefined
ചേലക്കര ഉപതെരഞ്ഞെടുപ്പ്: ആകെ വോട്ടർമാർ 2.13 ലക്ഷം; 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തി
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്.180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്.
വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെ വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും പ്രത്യേക കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും. കള്ളവോട്ട് ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ പ്രത്യേക ആപ്പുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.