56 വർഷത്തിന് ശേഷം മലയാളിയടക്കം സൈനികരുടെ മൃതദേഹം കണ്ടെത്തിയ ദൗത്യം; ദൃശ്യങ്ങൾ പുറത്ത്, കുറിപ്പുകളും കണ്ടെത്തി

By Web TeamFirst Published Oct 1, 2024, 8:34 PM IST
Highlights

പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തോമസ് ചെറിയാന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും കരസേന അറിയിച്ചു.  

ദില്ലി: 56 വർഷത്തിന് ശേഷം റോത്താഗിലെ മഞ്ഞുമലയിൽ മലയാളിയടക്കം സൈനികരുടെ മൃതദേഹം കണ്ടെത്തിയ ദൗത്യത്തിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൃതദേഹത്തിൽ നിന്ന് പഴയ കുറിപ്പുകൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തോമസ് ചെറിയാന്റെ മൃതദേഹം ഹിമാചലിലെ ലോസർ ഖാസ് ഹെലിപാഡിലെത്തിച്ചെന്നും നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും കരസേന അറിയിച്ചു. വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കുള്ള തെരച്ചിൽ ഈ മാസം പത്തുവരെ തുടരുമെന്നും കരസേന പറഞ്ഞു.

102 പേരുമായി ചണ്ഡിഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎൻ 32 സോവിയറ്റ് നിർമ്മിത വിമാനമാണ് റോത്താഗ് പാസിന് അടുത്ത് മലമുകളിൽ തകർന്നുവീണത്. 2003ൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് മൃതദ്ദേഹങ്ങൾ ഉണ്ടോ എന്നറിയാനുള്ള പര്യവേക്ഷണം ശക്തമാക്കിയത്. 2019ൽ 5 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ നാല് പേരുടെ മൃതദ്ദേഹം കൂടി കിട്ടി. പ്രത്യേക ദൗത്യങ്ങൾക്ക് നിയോഗിക്കുന്ന ദോഗ്ര സ്തൗട്ട്സും തിരംഗ മൌണ്ടൻ സംഘവും ചേർന്നാണ് കഴിഞ്ഞ മാസം 25ന് വീണ്ടും തെരച്ചിൽ തുടങ്ങിയത്. പത്ത് ദിവസം കൂടി ദൗത്യം തുടരാനാണ് തീരുമാനം. 

Latest Videos

അതിനിടെ, തോമസ് ചെറിയാൻ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം റോത്താംഗ് പാസിന് സമീപമുള്ള ലോസർ ഹെലിപാഡിലെത്തിച്ചു. മറ്റു നടപടികൾക്കായി ചണ്ഡിഗഡിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേക വിമാനത്തിൽ നാളെയോട് നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. ശ്രമകരമായ ദൗത്യത്തിലാണ് സേന മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്. ദൗത്യത്തിലെ കണ്ടെത്തൽ ഏറെ ആശ്വാസകരം എന്ന് വിലയിരുത്തുന്ന സേന വിശദാംശം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!