എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്ന് കോടതി

By Web Team  |  First Published Dec 12, 2024, 12:17 PM IST

പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.


തൃശ്ശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

എങ്ങണ്ടിയൂരിലെ വിനായകൻ കേസിൽ തൃശ്ശൂർ എസ് സി എസ് ടി കോടതിയുടേതാണ് നിർണായക ഉത്തരവ്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണനും  ദളിത് സമുദായ മുന്നണിയും കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.
 
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ  വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പോലീസുകാർ ഉൾപെട്ടിരുന്നില്ല.

click me!