കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അണ്ണന്‍തമ്പി ബന്ധം,ലോകായുക്തബില്‍ രാഷ്ട്രപതി ഒപ്പുവച്ചത് ഒത്തുതീര്‍പ്പ്

By Web TeamFirst Published Feb 29, 2024, 3:22 PM IST
Highlights

നവംബര്‍ 28 ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം:ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ  നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ  എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതി കേരള സര്‍ക്കാര്‍ കൊണ്ടു വന്നത്. നവംബര്‍ 28 ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു അണ്ണന്‍- തമ്പി ബന്ധം ഇപ്പോഴുമുണ്ട്. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രിക്കും കേരളത്തിലെ സി.പി.എമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ഐക്യം  ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സംഭവം. കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

click me!