ജിയോക്ക് 10 വർഷത്തെ ബില്ല് കൊടുക്കാൻ മറന്നു, ബിഎസ്എൻഎല്ലിന് നഷ്ടം 1757.76 കോടി, ഞെട്ടിക്കുന്ന സിഎജി കണ്ടെത്തൽ

2014 മെയ് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് (RJIL) ബിൽ നൽകാൻ മറന്നത്


ദില്ലി: അടിസ്ഥാന സൗകര്യങ്ങൾ പങ്കിട്ടതിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് ബില്ല് നൽകാത്തതിനെ തുടര്‍ന്ന് ബിഎസ്എൻഎല്ലിന് 1757.76 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി കണ്ടെത്തൽ. 2014 മെയ് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് (RJIL) ബിൽ നൽകാൻ മറന്നത്. ബിഎസ്എൻഎല്ലിന്റെ ടവറുകളിൽ ജിയോ ഉപയോഗിക്കുന്ന എൽടിഇ (ലോങ്ടേം ഇവലൂഷൻ) സാങ്കേതിക വിദ്യക്കാണ് പണം നൽകേണ്ടിയിരുന്നത്. കരാർ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും ബിഎസ്എൻഎൽ ജിയോയിൽ നിന്ന് സ്ഥിരമായി നിരക്ക് ഈടാക്കിയിരുന്നില്ലെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തൽ. ആർബിട്രേഷൻ ക്ലോസ് സമയബന്ധിതമായി ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ബി‌എസ്‌എൻ‌എല്ലിന്റെ നിഷ്ക്രിയ അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നതിനായി 2014ലാണ് മാസ്റ്റർ സർവീസ് കരാറിൽ (എം‌എസ്‌എ) ഏർപ്പെട്ടത്. കരാർ പ്രകാരം ജിയോയ്ക്ക് ബി‌എസ്‌എൻ‌എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങൾ 15 വർഷത്തേക്ക് ഉപയോഗിക്കാൻ അനുവാദം ലഭിച്ചു. ഓരോ സൈറ്റിലും ആറ് ആന്റിനകൾ, ആറ് റിമോട്ട് റേഡിയോ ഹെഡുകൾ (ആർ‌ആർ‌എച്ച്), ഒരു ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബി‌ടി‌എസ്) സ്ലോട്ട് എന്നിവ സ്ഥാപിക്കാനായിരുന്നു കരാർ. എങ്കിലും അധിക ചാർജുകൾ ആവശ്യമുള്ള മറ്റ് സാങ്കേതികവിദ്യകളായ എഫ്ഡിഡി, ടിഡിഡി എന്നിവയും ജിയോ സ്ഥാപിച്ചു. എന്നാൽ ഇതിനായി അധിക തുക നൽകാൻ ജിയോ വിസമ്മതിച്ചു. തുടർന്ന്, തർക്കം പരിഹരിക്കുന്നതിനായി 2020 ഓഗസ്റ്റിൽ ബിഎസ്എൻഎൽ പാനൽ രൂപീകരിച്ചു. കരാറിൽപ്പെടാത്ത സാങ്കേതിക വിദ്യ ജിയോ സ്ഥാപിച്ചെന്ന് പാനൽ കണ്ടെത്തി. 

Latest Videos

അതേസമയം, 17 വർഷങ്ങൾക്ക് ശേഷം 2024 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ബിഎസ്എൻഎൽ 262 കോടി രൂപയുടെ ലാഭമുണ്ടാക്കി. 2007 ന് ശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ഓപ്പറേറ്റർ ലാഭത്തിലാകുന്നത്. രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളിൽ നിന്നുള്ള കടുത്ത മത്സരം കാരണം, വരിക്കാരുടെ എണ്ണം കുറയുന്നതും പ്രവർത്തന നഷ്ടവുമാണ് ബി‌എസ്‌എൻ‌എൽ നേരിടുന്ന പ്രധാന വെല്ലുവിളി. 

click me!