മുൻ ഡെപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് നഗരസഭാ ഉദ്യോഗസ്ഥൻ 2 ലക്ഷം കൈക്കൂലി വാങ്ങി
തിരുവനന്തപുരം: ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റിന് വേണ്ടി 83 കാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു കെ എമ്മിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. മുൻ ഡെപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് പണം കൈപ്പറ്റിയത്. നിലവിൽ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറാണ് ഷിബു. നഗരസഭാ ഡെപ്യൂട്ടി കൊപ്പറേഷൻ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം നഗരസഭ മെയ്ൻ ഓഫീസിലെ എഞ്ചിനീയറിംഗ് വിഭാഗം സൂപ്രണ്ടായിരുന്ന ഷിബു കെ.എമ്മിനെതിരെ വഴുതക്കാട് സ്വദേശിയായ എം.സൈനുദ്ദീനാണ് പരാതി നൽകിയത്. സൈനുദ്ദീന്റെ ഭാര്യയും മുൻ ഡെപ്യുട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുമായ ഡോ.ആരിഫ സൈനുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി ഷിബു കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
കൈക്കൂലി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല. മാസങ്ങൾക്ക് ശേഷം കോർപ്പറേഷൻ അദാലത്തിൽ അപേക്ഷ നൽകിയപ്പോൾ സർട്ടിഫിക്കറ്റ് അനുവദിച്ച് കിട്ടി. ഇതോടെയാണ് വിശ്വാസ വഞ്ചന തിരിച്ചറിഞ്ഞതെന്ന് പരാതിക്കാരൻ. മേയർക്കും ഡെപ്യൂട്ടി മേയർക്കും സെപ്റ്റംബർ 30ന് പരാതി നൽകി. ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെഷൻ. അന്വേഷണത്തിൽ അപേക്ഷകരുമായി ഷിബു നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധമില്ലാത്ത ഫയലുകളും ചോദിച്ച് വാങ്ങാറുണ്ടെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കൈക്കൂലി വാങ്ങിയെന്ന ആരോപണം ഷിബു കെ.എം. നിഷേധിച്ചു. ഉദ്യോഗസ്ഥന് ഗുരുതരവീഴ്ചയും അച്ചടക്കലംഘനവും കൃത്യവിലോപനവും ഉണ്ടായെന്ന അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെഷൻ. നിലവിൽ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ്ജ് ഓഫീസറാണ് ഷിബു കെ.എം.